ലക്ഷങ്ങള്‍ ചെലവിട്ട് ഒന്നാന്തരം കെട്ടിടമുണ്ടാക്കി, ഇന്ന് ഇഴജന്തുക്കളുടെ താവളം; കാടുകയറി കടപ്പുറം മത്സ്യഭവന്‍
ക്ഷേമനിധി സംഖ്യ അടക്കുവാനും മറ്റു ആനുകൂല്യങ്ങള്‍ക്കും 10 കിലോമീറ്റര്‍ അകലെയുള്ള ഫിഷറീസ് ഓഫീസിൽ പോകേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ
തൃശൂര്‍: ലക്ഷങ്ങള്‍ ചെലവിട്ട് നിർമിച്ച കടപ്പുറം മത്സ്യഭവന്‍ കാട് കയറി നശിക്കുന്നു. കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആശ്വാസ കേന്ദ്രത്തിന് അടുത്തായാണ് മത്സ്യഭവന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കടപ്പുറത്ത് തിങ്ങിപാര്‍ക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച മത്സ്യഭവന്‍ കെട്ടിടം പക്ഷേ വര്‍ഷങ്ങളായി ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം കാട് കയറി ഉദ്യോഗസ്ഥര്‍ ഇല്ലാതെ പൂട്ടിക്കിടക്കുകയാണ്. പൂട്ടിക്കിടക്കുന്ന മത്സ്യഭവനും പരിസരവും കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രി ആകുന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുന്നു.
ആയിരക്കണക്കിന് മത്സ്യതൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന കടപ്പുറം പഞ്ചായത്തില്‍ നല്ല രീതിയിലുള്ള ഒരു മത്സ്യഭവന്‍ ഉണ്ടായിട്ട് മത്സ്യതൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റിനോ സര്‍ക്കാറിനോ സാധിക്കുന്നില്ല. കടപ്പുറം പഞ്ചായത്തിലുള്ള മത്സ്യതൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍, മത്സ്യ കര്‍ഷകര്‍, മത്സ്യതൊഴിലാളി വനിതകള്‍, ഹാര്‍ബര്‍ തൊഴിലാളികള്‍, ബീച്ച് തൊഴിലാളികള്‍, ഉള്‍പ്പെടെ മത്സ്യതൊഴിലാളി മേഖലയില്‍പ്പെട്ട മുഴുവന്‍ ആളുകളും ക്ഷേമനിധി സംഖ്യ അടക്കുവാനും മറ്റു ആനുകൂല്യങ്ങള്‍ക്കും 10 കിലോമീറ്റര്‍ അകലെയുള്ള ചാവക്കാട് ഫിഷറീസ് ഓഫീസിലേക്കോ 8 കിലോമീറ്റര്‍ അകലെയുള്ള ഏങ്ങണ്ടിയൂര്‍ ഫിഷറീസ് ഓഫീസിലക്കോ പോകേണ്ട ഗതികേടിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം