കോയമ്പത്തൂർ ജോസ് ആലുക്കാസ് ജ്വല്ലറിയിൽ വൻമോഷണം; ഭിത്തി തുരന്ന് മോഷ്ടാവ്, 200 പവൻ മോഷ്ടിച്ചതായി പ്രാഥമികനിഗമനം
ഷോറൂമിന്റെ താഴത്തെ നിലയിലെ എസിയോട് ചേർന്ന ഭാഗത്തെ ഭിത്തി തുരന്ന് പുലർച്ചെ രണ്ടരയോടെ ഒരാൾ അകത്തു കയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.
ചെന്നൈ: കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറിയിൽ വൻ മോഷണം. 200 പവൻ സ്വർണം മോഷണം പോയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി 5 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഷോറൂമിന്റെ താഴത്തെ നിലയിലെ എസിയോട് ചേർന്ന ഭാഗത്തെ ഭിത്തി തുരന്ന് പുലർച്ചെ രണ്ടരയോടെ ഒരാൾ അകത്തു കയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ധരിച്ചിരുന്ന ഷർട്ട് ഊരി തല മറയ്ക്കാൻ ശ്രമിച്ച ഇയാൾ, ക്യാഷ് കൗണ്ടറിനു മുന്നിൽ എത്തി ജ്വല്ലറിയുടെ ഉൾവശം മൊബൈലിൽ ചിത്രീകരിച്ചു. പിന്നാലെ കണ്ണിൽ കണ്ട ആഭരണങ്ങൾ ഓരോന്നായി എടുക്കുകയായിരുന്നു. രാവിലെ ജ്വല്ലറി തുറന്ന ജീവനക്കാരാണ് മോഷണ വിവരം മനസ്സിലാക്കിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.
നാലാം നിലയിൽ 12 ജ്വല്ലറി ജീവനക്കാരും പുറത്ത് സുരക്ഷ ജീവനക്കാരനും ഉണ്ടായിരുന്നെങ്കിലും ശബ്ദം ഒന്നും കേട്ടില്ലെന്നാണ് പോലീസിന് നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ ഉള്ള പ്രതിക്ക് മറ്റാരുടെയും സഹായം കിട്ടിയില്ലെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് 5 പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 4 നിലകളിലായിട്ടാണ് ഷോറൂം പ്രവർത്തിച്ചിരുന്നത്.
സന്തോഷം സന്തോഷം! അബിഗേൽ സാറ തിരിച്ചെത്തിയതിൽ വടക്കൻ ആഘോഷം! സ്കൂളിൽ ആര്‍പ്പുവിളിച്ച് കുട്ടികൾ