തേനീച്ചകളുടെ കൂട്ട ആക്രമണം; തിരൂരങ്ങാടിയിൽ വിദ്യാർഥികളടക്കം 30 പേർക്ക് കുത്തേറ്റു, പലരും ഓടിരക്ഷപ്പെട്ടു
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കുത്തിയത്
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ തേനീച്ചയുടെ കുത്തേറ്റ് സ്‌കൂൾ വിദ്യാർഥികളടക്കം മുപ്പതോളം പേർക്ക് പരിക്ക്. മൂന്നിയൂർ കലംകൊള്ളിയാലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കുത്തിയത്. ഇന്നലെ വൈകീട്ട് മുന്നേകാലോടെയാണ് സംഭവം.
ഗുരുതരമായി പരുക്കേറ്റ മുട്ടുചിറ സ്വദേശി അച്യുതനെ (76) കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂന്നിയൂർ ജിയുപി സ്‌കൂളിലെ വിദ്യാർഥികൾക്കടക്കമാണ് കുത്തേറ്റത്. പലരും ഓടി രക്ഷപ്പെടുകയായിരുന്നു.
മുട്ടിച്ചിറ സ്വദേശി അശ്വിൻ (24), കുഞ്ഞായിൻ (76), അൻസാർ (49), ഫാലിഹ (19), മുബഷിറ (24), കളിയാട്ടമുക്ക് നിഷാൽ (12), എം.എച്ച് നഗർ മുഹമ്മദ് റിൻഷിദ് (11), കളിയാട്ടമുക്ക് ഫൈസൽ (11), മുഹമ്മദ് റിഹാദ് (12), മുഹമ്മദ് റിഷ (13), ആദർശ് (12), നന്ദ കിഷോർ (11), ഷമീം (16), മുഹമ്മദ് നിദാൽ (12), മുഹമ്മദ് ഷിഫിൻ (12), ഷഫ്‌ന (12), ശാമിൽ (12), മുഹമ്മദ് ശാലഹ് (14), മുഹമ്മദ് റാസി (13), ഷിഫിൻ (12), റസൽ (11) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിൽ പ്രാഥമിക ശുശ്രൂഷ നൽകി. പക്ഷികൾ ഉപദ്രവിച്ചതാവാം തേനീച്ച ഇളകാൻ കാരണമെന്നാണ് സൂചന.
ദിവസങ്ങൾക്കു മുൻപ് മാറഞ്ചേരിയിൽ കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മാറഞ്ചേരി വടമുക്കിലാണ് കടന്നൽ കൂട്ടം ഇളകിയത്. വടമുക്ക് സ്വദേശികളായ നടുക്കാട്ടിൽ ശോഭന, അമ്പാരത്ത് സക്കരിയ്യ എന്നിവരെയാണ് സാരമായി പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം