ചെണ്ടുമല്ലിത്തോട്ടം കാണാൻ ഗുണ്ടൽപ്പേട്ടിലേക്ക് വണ്ടി കയറേണ്ട, വയനാട്ടിൽ പൂന്തോട്ടമൊരുക്കി ദേവയാനിയും സംഘവും
ദേശീയ പാത 766 കടന്നുപോകുന്നതിന് സമീത്തായി പണപ്പാടി ഊരാളി കോളനിയിലെ ദേവയാനി, ബിന്ദു, ലക്ഷ്മി, ശാന്ത ചാമിക്കുട്ടി എന്നവര്‍ ചേര്‍ന്നാണ് ചെണ്ടുമല്ലി പാടം ഒരുക്കിയിരിക്കുന്നത്.
സുല്‍ത്താന്‍ബത്തേരി: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കണ്ട കൃഷി ഏതാണ്ടെല്ലാം ഇന്ന് മലയാളി സ്വന്തം നാട്ടിലും പരീക്ഷിക്കുകയാണ്. വയനാട്ടിലാകട്ടെ ഇതരസംസ്ഥാനങ്ങളിലേത് പോലെ പൂക്കൃഷി ഒരുക്കിയാണ് പലരും ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഓണക്കാലത്തേക്കായി മലയാളിക്ക് കേരളത്തിന്റെ സ്വന്തം പൂക്കള്‍ നല്‍കാന്‍ വയനാട്ടില്‍ ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയിരിക്കുകയാണ് നാല് ഗോത്രവനിതള്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കല്ലൂര്‍-67 പണപ്പാടി പാടശേഖരത്തിലാണ് ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങള്‍ക്ക് സമാനമായ രീതിയില്‍ ചെണ്ടുമല്ലിക്കൃഷി ഒരുക്കിയിരിക്കുന്നത്.
ദേശീയ പാത 766 കടന്നുപോകുന്നതിന് സമീത്തായി പണപ്പാടി ഊരാളി കോളനിയിലെ ദേവയാനി, ബിന്ദു, ലക്ഷ്മി, ശാന്ത ചാമിക്കുട്ടി എന്നവര്‍ ചേര്‍ന്നാണ് ചെണ്ടുമല്ലി പാടം ഒരുക്കിയിരിക്കുന്നത്. ദേശീയപാത കടന്നുപോകുന്ന കല്ലൂര്‍-67ല്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയായത് കൊണ്ട് തന്നെ ധാരാളം വിനോദ സഞ്ചാരികള്‍ പൂക്കള്‍ കാണാനെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും ഇവര്‍ക്കുള്ള പ്രധാന വരുമാനമാര്‍ഗവും. മഞ്ഞയും ഓറഞ്ചും നിറത്തില്‍ നിറയെ വിരിഞ്ഞു നില്‍ക്കുന്ന പൂപ്പാടം വ്യാഴാഴ്ചയാണ് സഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയത്.
പൂക്കൃഷി സംരംഭത്തോട് ഒട്ടും താല്‍പ്പര്യമില്ലാതിരുന്ന തങ്ങളെ പ്രോത്സാഹിപ്പിച്ച് പദ്ധതി വിജയിപ്പിച്ച് പട്ടിവര്‍ഗ വികസന വകുപ്പിലെയും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റിലെയും ഉദ്യോഗസ്ഥരാണെന്ന് ദേവയാനിയും ലക്ഷ്മിയും ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ് പൂന്തോട്ടമൊരുക്കാന്‍ നാല്‍വര്‍ സംഘത്തിന് ആത്മവിശ്വാസം പകര്‍ന്നത്. സ്ഥലം കണ്ടെത്തി ഒരുക്കുന്നതിനും തൈകള്‍ നട്ട് വളമിടുന്നതിനുമെല്ലാം സി.എം.ഡി ഉദ്യോഗസ്ഥര്‍ കട്ടക്ക് കൂടെ നിന്നുവെന്ന് വനിതകള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
പൂക്കൃഷിയില്‍ പരിശീലനവും സി.എം.ഡിയുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. ഗോത്രവനിതകള്‍ക്ക് വരുമാനമാര്‍ഗ്ഗമുണ്ടാക്കുകയെന്നതും സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നതുമായിരുന്നു ലക്ഷ്യമെന്ന് ഹരിതരശ്മി പദ്ധതിയുടെ പ്രൊജക്റ്റ് ഓഫീസര്‍ അനു അല്‍ഫോന്‍സ അഗസ്റ്റിന്‍ പറഞ്ഞു. നാലായിരത്തിലധികം കരുത്തുള്ള തൈകളില്‍ പൂത്തുനില്‍ക്കുന്ന ചെണ്ടുമല്ലികള്‍ ഓണവിപണി കൂടി ലക്ഷ്യമിട്ടുള്ളതാണ്. പ്രാദേശിക വിപണികളെക്കാള്‍ പൂക്കള്‍ ഒരുമിച്ച് വാങ്ങാന്‍ ആരെങ്കിലുമെത്തണമെന്നതാണ് വനിതകളുടെ ആഗ്രഹം.
കുറഞ്ഞ സ്ഥലത്താണെങ്കിലും വയനാട്ടില്‍ ഇതുവരെ കാണാത്ത രീതിയില്‍ ഭംഗിയുള്ള പൂപ്പാടം ഒരുക്കിയതില്‍ അഭിമാനമുണ്ടെന്ന് വാര്‍ഡ് അംഗം സീന കളപ്പുരക്കലും പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പാടശേഖരങ്ങളില്‍ പൂക്കൃഷിയൊരുക്കി ഓണ വിപണിയില്‍ സ്വന്തം പൂക്കള്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെയും ശ്രമം.
Read More : 'കുഞ്ഞു മനസിലെ നന്മ'; പരുക്കുപറ്റി അവശനിലയിലായ മരംകൊത്തി, പുനര്‍ജന്മം നല്‍കി കുരുന്നു വിദ്യാര്‍ഥികള്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE