രൈക്വഋഷി പുരസ്കാരം മനു മാസ്റ്റർക്ക്

  • ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 11-ാമത് 'രൈക്വഋഷി' പുരസ്കാരം മനു മാസ്റ്റര്‍ക്ക്
  • 27ന് വൈകിട്ട് ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ ഗിരീഷ് കുമാർ പുരസ്കാരം സമ്മാനിക്കും
manu master won  raikva rishi award

കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 11-ാമത് 'രൈക്വഋഷി' പുരസ്കാരം നാട്യാചാര്യനും ഉപാസകനുമായ കൊടുങ്ങല്ലൂർ സ്വദേശി മനു മാസ്റ്റർ എന്ന പിഎസ് അബ്ദുൾ മനാഫിന്.  വിശ്രുതനർത്തകി പത്മശ്രീ ചിത്രാ വിശ്വേശരന്റെ ഏക ശിഷ്യനാണ്. ദീപാവലി ദിനമായ ഒക്ടോബർ 27ന് വൈകീട്ട് മൂന്നിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ.ഗിരീഷ് കുമാർ പുരസ്കാരം സമ്മാനിക്കും. 

ആർട്ടിസ്റ്റ് മദനൻ രൂപകല്പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെട്ടതാണ് പുരസ്കാരം. ഇതേ ചടങ്ങിൽ ചെണ്ട വിദ്വാൻ പോരൂർ രാമചന്ദ്രമാരാരെ ആദരിക്കും. ഇന്ത്യൻ റെയ്കി അസോസിയേഷന്റെ സ്ഥാപകനും രാഷ്ട്രീയ-സാംസ്കാരിക നേതാവുമായ സിഎം കൃഷ്ണനുണ്ണി അനുസ്മര ണ പ്രഭാഷണം ഗുരുവായൂരപ്പൻ കോളേജ് റിട്ട. മലയാളം പ്രൊഫ.കെ.പി.ശശിധരൻ നിർവഹിക്കും.

ഛാന്ദോഗ്യോപനിഷത്തിൽ പരാമർശിക്കുന്ന കാളവണ്ടിക്കാരനായ രൈക്വ മഹർഷിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രൈക്വഋഷി പുരസ്കാരത്തിന് നിഷ്കാമ കർമ്മയോഗികളെയും ഭാരതീയ സംസ്കാരത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെയുമാണ് യോഗ്യരായി കാണുന്നത്. ഡോ.എം.ലക്ഷ്മീകുമാരി (2007), മഹാകവി അക്കിത്തം (2008), പ്രൊഫ. വാസുദേവൻ പോറ്റി (2009), ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (2010), വിഎംസി ശങ്കരൻ നമ്പൂതിരി (2011), സായിറാം ഭട്ട് (2012), സുമംഗലാ ദേവി (2013), കെ.ബി.ശ്രീദേവി (2014), ഡോ.ധനഞ്ജയ് സഗ്ദേവ് (2015), ഡോ.കെ.കെ.മുഹമ്മദ് (2017) എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.

Latest Videos
Follow Us:
Download App:
  • android
  • ios