കൊടും വനത്തിലെ ഉത്സവം: പ്രവേശനം വര്‍ഷത്തില്‍ ഒറ്റ ദിവസം, പോകാനൊരുങ്ങുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കളക്ടര്‍

ഉച്ചക്ക് 2.30ന് ശേഷം ആരെയും മല മുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാനും അനുവദിക്കില്ല. 

mangaladevi temple chitra pournami festival 2024 idukki collector guidelines

ഇടുക്കി: മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് സുരക്ഷിത ദര്‍ശനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങള്‍ ഷീബ ജോര്‍ജിന്റെയും തേനി ജില്ലാ കളക്ടര്‍ ആര്‍ വി ഷാജീവനയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതക്കും മുന്‍തൂക്കം നല്‍കി പരിസ്ഥിതി സൗഹൃദ ക്ഷേത്ര ദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യോഗത്തിലെ തീരുമാനങ്ങള്‍: 

ഏപ്രില്‍ 23നാണ് ഉത്സവം. രാവിലെ നാല് മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. ഉച്ചക്ക് 2.30ന് ശേഷം ആരെയും മല മുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാനും അനുവദിക്കില്ല. 

ആര്‍ടിഒ നിഷ്‌കര്‍ഷിക്കുന്ന തുക മാത്രമേ ട്രിപ്പ്  വാഹനങ്ങള്‍ ഭക്തരില്‍ നിന്നും ഈടാക്കാന്‍ പാടുള്ളൂ. ഇത് സംബന്ധിച്ച നിരക്ക് ഉടന്‍ പ്രസിദ്ധീകരിക്കും. ഡിസ്പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ നാലുചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. മദ്യം, മാംസ ഭക്ഷണം എന്നിവയും അനുവദിക്കില്ല.

ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ പാസ് നല്‍കും. കുമളി ബസ് സ്റ്റാന്‍ഡില്‍ എപ്രില്‍ 20, 21, 22 ദിവസങ്ങളില്‍ ഇരു സംസ്ഥാനങ്ങളുടെയും ആര്‍ടിഒമാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഫിറ്റ്നസ് പരിശോധിച്ചാകും പാസ് അനുവദിക്കുക. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാന്‍ അനുവദിക്കില്ല. കുമളി ബസ് സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തി വാഹനങ്ങള്‍ പരിശോധിക്കും. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും  ആംബുലന്‍സ് സൗകര്യവും മലമുകളില്‍ ഏര്‍പ്പെടുത്തും. 

കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പു വരുത്താന്‍ ജലവകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ താല്‍ക്കാലിക ടോയ്ലറ്റ് സൗകര്യങ്ങള്‍  സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മൈക്ക് അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്യും. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഗ്‌നിരക്ഷാസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രപാതയില്‍ ആംപ്ലിഫയര്‍, ലൗഡ് സ്പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാന്‍ ശുചിത്വ മിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും. കുമളിയില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യം സജ്ജമാക്കുവാനും ടോയ്ലെറ്റ് സംവിധാനങ്ങള്‍ ഒരുക്കുവാനും പ്രവര്‍ത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകള്‍ നന്നാക്കുവാനും കുമളി ഗ്രാമപഞ്ചായത്തിന് യോഗം നിര്‍ദേശം നല്‍കി. 

സൗജന്യ യാത്ര, ദിവസം മൂന്ന് സര്‍വീസുകള്‍; മൂന്നാറിലെത്തിയ ഡബിള്‍ ഡക്കര്‍ ബസിന് വന്‍ സ്വീകരണം 
 

Latest Videos
Follow Us:
Download App:
  • android
  • ios