വിദേശത്ത് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 2.2 ലക്ഷം തട്ടി, മുങ്ങി നടന്നു, ഒടുവിൽ പരാതി, അറസ്റ്റ്
വിസ തട്ടിപ്പ് കേസിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ യുവാവ് അറസ്റ്റിൽ. ഇളകൊള്ളൂർ അഭിത് ഭവനത്തിൽ പുഷ്പാംഗദന്റെ മകൻ അജയകുമാർ (49) ആണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്
അമ്പലപ്പുഴ: വിസ തട്ടിപ്പ് കേസിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ യുവാവ് അറസ്റ്റിൽ. ഇളകൊള്ളൂർ അഭിത് ഭവനത്തിൽ പുഷ്പാംഗദന്റെ മകൻ അജയകുമാർ (49) ആണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇൻസ്‌പെക്ടർ ദ്വിജേഷ് എസ് ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പുറക്കാട് സ്വദേശിയായ ശരത്തിനെ വിദേശത്ത് കൊണ്ടുപോകാമെന്നു പറഞ്ഞു പലപ്പോഴായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഗ്രീൻ ജോബ് കോൺസുലേറ്റാൻസി എന്ന സ്ഥാപനത്തിന്റെ പേരിൽ 2,20,000 രൂപ കൊടുക്കുകയും ചെയ്തു. 25,000 രൂപ കൊടുത്തപ്പോൾ തന്നെ ഓഫർ ലെറ്റർ കൊടുക്കുകയും അത് വിശ്വസിച്ചു ബാക്കി തുക കൂടി ഇയാൾ കൊടുക്കുകയും ചെയ്തു.
പിന്നീട് ആണ് വ്യാജ ഓഫർ ലെറ്റർ ആണ് ലഭിച്ചതെന്ന് ശരത്തിന് മനസ്സിലാകുന്നത്. പിന്നാലെ പണം തിരികെ ചോദിച്ചപ്പോൾ റഷ്യയിൽ കൊണ്ട് പോകാമെന്നു പറഞ്ഞ് ശരത്തിന്റെ പാസ്പോർട്ട് വാങ്ങി സ്റ്റാമ്പ് ചെയ്തു കൊടുത്തു. എന്നാൽ വിസ കാലാവധി കഴിഞ്ഞു എന്നറിഞ്ഞ ശരത് പണം തിരികെ ചോദിച്ചു.
പലപ്പോഴായി ഒഴിവ്കഴിവുകൾ പറഞ്ഞു, ഫോൺ എടുക്കാതെയും വന്നതോടെയാണ് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകിയത്. ശരത്തിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പത്തനംതിട്ടയിൽ നിന്നും അജയ കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയില്‍ തൊടുപുഴയിലെ സ്വകാര്യ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുപതിലധികം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. വിദേശത്തേക്ക് തൊഴിലിന് ആളെ അയക്കാന്‍ തൊടുപുഴയിലെ ഒരു സ്ഥാപനത്തിനും ലൈസന്‍സില്ലെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
മികച്ച മാസവരുമാനം ലഭിക്കുന്ന തൊഴില്‍ വിദേശത്ത് ശരിയാക്കിത്തരാമെന്ന് സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫയര്‍ സേഫ്റ്റി ഓഫീസര്‍ മുതല്‍ പത്തിലധികം തസ്തികകളില്‍ ഒഴിവുണ്ടെന്ന് കാണിച്ചായിരുന്നു പ്രചരണം. ഉദ്യോഗാർത്ഥികളില്‍ നിന്നും അഡ്വാന്‍സായി അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങി. അഡ്വാന്‍സ് നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പുരോഗതിയില്ലാതെ വന്നതോടെ ഉദ്യോഗാർത്ഥി പണം തിരികെ ആവശ്യപെട്ടു.