വീട്ടിലൊരു ചെറിയ മദ്യ ഗോഡൗൺ തന്നെ, ഡ്രൈ ഡേയിൽ വിൽപന ലക്ഷ്യം; രഹസ്യമായിത്തന്നെ എക്സൈസുകാരുമെത്തി
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ നിർമാണം നടക്കുകയായിരുന്ന വീട്ടിലെത്തി പരിശോധന നടത്തിയത്.
ആലപ്പുഴ: കൊറ്റംകുളങ്ങര വാർഡ് കൊട്ടക്കാട്ട് വെളി വീട്ടിൽ സുധീഷ് കുമാറിനെയാണ് അനധികൃതമായി ഷെഡിൽ സൂക്ഷിച്ച മദ്യവുമായി ആലപ്പുഴ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ.കെ അനിലും പാർട്ടിയും ചേർന്ന് പിടികൂടിയത്. സുധീഷ് കുമാറിന്റെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.
64 കുപ്പികളിലായാണ് വീട്ടിൽ മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴയിലെ വിവിധ ബീവറേജ് വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മദ്യം വാങ്ങി ഡ്രൈ ഡേ ദിനത്തിൽ വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. പരിശോധനാ സംഘത്തിൽസിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്, പ്രതീഷ് പി. നായർ, ടി.എ അനിൽകുമാർ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) ബി.എം ബിയാസ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ജി. ജയകുമാർ, കെ.ഐ. ആന്റണി, വനിത സിവിൽ എക്സൈസ് ഓഫീസർ എം. അനിത എന്നിവർ പങ്കെടുത്തു. സുധീഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...