വർക്കലയിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു; അരുംകൊല ലഹരി ഉപയോഗിച്ച യുവാക്കൾക്കെതിരെ പരാതി നൽകിയതിന്
യുവാക്കളെ ലഹരിമരുന്ന് ഉപയോഗിക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് വയോധികനെ വെട്ടിക്കൊന്നത്. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ ഷാജഹാന്‍ (60) ആണ് വെട്ടേറ്റ് മരിച്ചത്.
തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടിയത്.
താഴെവെട്ടുർ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെ വെട്ടൂർ സ്വദേശി ഷാക്കിർ എന്നയാളെ വർക്കല പൊലീസ് പിടികൂടി. മറ്റ് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം