കോട്ടയത്ത് 15കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടു, പ്രതിക്ക് ഇരുപത് വര്‍ഷം തടവ് ശിക്ഷ
പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം ഒരു ദിവസം കിടപ്പുമുറിയില്‍ സൂക്ഷിക്കുകയും പിന്നീട് കുഴിച്ചു മൂടുകയും ചെയ്തെന്നായിരുന്നു
കോട്ടയം: കോട്ടയത്ത് പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കുഴിച്ചിട്ട കേസില്‍ പ്രതിക്ക് ഇരുപത് വര്‍ഷം തടവ് ശിക്ഷ. രണ്ടര ലക്ഷം രൂപ പിഴയൊടുക്കാനും കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പ്രതിക്ക് വധശിക്ഷ ആവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
2019 ജനുവരി 17ന് കേരളത്തെ നടുക്കിയ ക്രൂരകൊലപാതക കേസിലാണ് വിധി. പതിനഞ്ചു വയസുകാരിയെ അയര്‍കുന്നത്തെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം ഒരു ദിവസം കിടപ്പുമുറിയില്‍ സൂക്ഷിക്കുകയും പിന്നീട് കുഴിച്ചു മൂടുകയും ചെയ്തെന്നായിരുന്നു പ്രതി അജേഷിനെതിരായ പൊലീസിന്‍റെ കണ്ടെത്തല്‍. പോക്സോ നിയമപ്രകാരവും ഐപിസി 302 അനുസരിച്ചും അജേഷിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
പോക്സോ നിയമം അനുസരിച്ച് ഇരുപത് വര്‍ഷവും കൊലപാതക കേസില്‍ ജീവപര്യന്തവും തെളിവുനശിപ്പിക്കലിന് മൂന്നു വര്‍ഷവും തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതിക്കെതിരെ നേരിട്ടുളള തെളിവുകള്‍ കേസില്‍ ലഭിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി അജേഷ് തന്നെയെന്ന് പൊലീസിന് വ്യക്തമായത്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗവും വ്യക്തമാക്കി.