Asianet News MalayalamAsianet News Malayalam

തൃശൂരിൽ ബന്ധുക്കളുടെ അടുത്ത് വന്നപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചു; കർണാടക സ്വദേശിയെ നാട്ടിലെത്തി അറസ്റ്റ് ചെയ്തു

കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പ്രതിരോധിച്ച ഇയാളെ, ശ്രമകരമായി പിടികൂടുകയായിരുന്നു. പിന്നീട് വിജയപുര കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്.

Man from Karnataka molested minor girl when reached thrissur to visit relatives police nabbed him from house
Author
First Published Jun 19, 2024, 2:39 AM IST | Last Updated Jun 19, 2024, 2:39 AM IST

തൃശൂര്‍:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കര്‍ണ്ണാടകയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ബിജാപൂര്‍ സ്വദേശി അരവിന്ദ് രത്തോഡിനെയാണ് (23) തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം.സി. കുഞ്ഞിമോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ എസ്.ഐ. ടി.എ. റാഫേല്‍, സിനിയര്‍ സി.പി.ഒ ഇ.എസ്. ജീവന്‍, സി.പി.ഒ വി.എം. മഹേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.  

മഹാരാഷ്ര്ട - കര്‍ണ്ണാടക അതിര്‍ത്തി ജില്ലയായ വിജയപുരയിലെ ഉള്‍ഗ്രാമമായ ഇത്തങ്കിഹാളില്‍ ആണ്  പ്രതിയുടെ വീട്. നാല് വര്‍ഷം മുന്‍പ് ചേര്‍പ്പില്‍ ബന്ധുക്കളുടെ അടുത്ത് സ്വര്‍ണപ്പണിക്കെത്തിയ ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. ഇതിനിടെ പലതവണ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി. പിന്നീട് സ്വദേശത്തേക്ക് തിരിച്ച് പോയ ശേഷം ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച റൂറല്‍ പോലീസ് രഹസ്യമായി കര്‍ണ്ണാടകയിലെത്തി വിജയപുര എ.പി.എം.സി. പോലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് സംഘം കര്‍ണ്ണാടകയിലേക്ക് പുറപ്പെട്ടത്. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പ്രതിരോധിച്ച ഇയാളെ, ശ്രമകരമായി പിടികൂടുകയായിരുന്നു. പിന്നീട് വിജയപുര കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ചേര്‍പ്പ് സ്റ്റേഷനിലെത്തിച്ച് വൈദ്യ പരിശോധനകള്‍ അടക്കമുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു.

ബാംഗ്ലൂരില്‍നിന്ന് 550ഓളം കിലോമീറ്റര്‍ ദൂരെയുള്ള  ഇത്തങ്കിഹാള്‍ ഗ്രാമവാസിയായ അരവിന്ദ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മൂന്നു ദിവസം അവിടെ തങ്ങിയ പോലീസ് സംഘം, ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് മഫ്തിയില്‍ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ സി.വി. ലൈജുമോന്‍, എസ്.ഐമാരായ ടി.എ. റാഫേല്‍, വസന്ത് കുമാര്‍, സീനിയര്‍ സി.പി.ഒ. പി.എ. സരസപ്പന്‍, ഇ.എസ്. ജീവന്‍, സി.പി.ഒ. വി.എം. മഹേഷ്, സൈബര്‍ വിദഗ്ദന്‍ സി.ആര്‍. സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios