മൂന്നാറിൽ നിന്ന് മടങ്ങവെ കാറിന് മുകളിലിരുന്ന് യുവാവിന്റെ യാത്ര; വീഡിയോ പകർത്തിയവരെ തടഞ്ഞിട്ട് ഭീഷണിയും
ദൃശ്യം പകർത്തിയവരെ ഭീഷണിപ്പെടുത്തുകയും വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും ചെയ്തു.
ഇടുക്കി: മൂന്നാറിൽ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലുണ്ടായിരുന്ന യുവാവ് കാറിന് മുകളിൽ കയറിയിരുന്ന് നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ പുറത്ത്. കോതമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള ഊന്നുകലിനു സമീപമായിരുന്നു സംഭവം. തൊട്ടുപിന്നിലെ കാറിൽ വരികയായിരുന്ന ആലുവ സ്വദേശി സുജിത്തും സുഹൃത്തും രണ്ട് പേരുടെയും കുടുംബാംഗങ്ങളുമാണ് ദൃശ്യങ്ങൾ പകർത്തിയത്. മുകളിലിരിക്കുന്ന യുവാവിനെയും വഹിച്ചുകൊണ്ട് കാർ നല്ല വേഗത്തിലാണ് സഞ്ചരിച്ചിരുന്നതും.
അതേസമയം ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് മനസിലായതിനെ തുടർന്ന് സുജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടന്ന് തടഞ്ഞു നിർത്തി. പിന്നാലെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ മായ്ച് കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നതിനാൽ വാഹനത്തിന്റെ ഗ്ലാസ് തുറക്കാൻ സുജിത്തും സംഘവും തയ്യാറായില്ല.
പിന്നെയും മുന്നോട്ട് നീങ്ങിയതോടെ വീണ്ടും ഭീഷണിപ്പെടുത്താനും പിന്തുടരാനും തുടങ്ങി. ഇതോടെ കാർ ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. അവിടെ പൊലീസുകാർ പുറത്തേക്ക് ഇറങ്ങി വന്നതോടെ കാറുമായി യുവാക്കൾ മുങ്ങി. സുജിത്തും സുഹൃത്തുക്കളും ഊന്നുകൽ പൊലീസ് സ്റ്റേഷനിലും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം