'കേരള' സർട്ടിഫിക്കറ്റ് സ്വന്തമായുണ്ടാക്കി, ഗുജറാത്തിൽ ജോലിയും നേടി; വെരിഫിക്കേഷൻ 'പണിയായി', മുൻകൂർ ജാമ്യമില്ല

വ്യാജ പരീക്ഷ റിസല്‍ട്ടും വ്യാജ ബി ഫാം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കി അതോറിറ്റിയെ കബളിപ്പിച്ചാണ് അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് ജോലിനേടിയെടുത്തത്

Man forged fake provisional degree certificate and got job using it but caught during verification at Kerala university

തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാലയുടെ ബി ഫാം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ച് ഗുജറാത്തില്‍ ഭാരത് കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി കരസ്ഥമാക്കിയെന്ന കേസിൽ പത്തനംതിട്ട സ്വദേശി ആഷ്‌ലി ബെന്നിയുടെ (27) മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി പി സെയ്തലവിയാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. 2024 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതി കേരള ആരോഗ്യ സര്‍വകലാശാലയുടെ ബി ഫാം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അതോറിറ്റില്‍ ജോലി നേടുകയായിരുന്നു. വ്യാജ പരീക്ഷ റിസല്‍ട്ടും വ്യാജ ബി ഫാം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കി അതോറിറ്റിയെ കബളിപ്പിച്ചാണ് അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് ജോലിനേടിയെടുത്തത്. ഇതിന് ശേഷം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുവേണ്ടി കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് അയച്ച് നല്‍കി. എന്നാല്‍ സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി പരിശോധിച്ചതില്‍ ആരോഗ്യ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് വ്യജമാണെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നാലെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ഈ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസ് ഫയലും രേഖകളും വിശദമായി പരിശോധിച്ചതിനു ശേഷമാണ് സെഷന്‍സ് കോടതിയുടെ ഉത്തരവുണ്ടായത്. സാധാരണ കുറ്റകൃത്യങ്ങളേക്കാള്‍ വളരെ ഗൗരവമുള്ള കുറ്റകൃത്യമാണ് ഇതെന്ന് കോടതി ചൂണ്ടികാട്ടി. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് പ്രതിയെ സഹായിച്ചത് ആരാണെന്നത് സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം അവശ്യമാണെന്നും പ്രതിയുടെ കൂട്ടുപ്രതികളെ കണ്ടെത്തേണ്ടതാണെന്നും കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാറിന്റെ വാദം കണക്കിലെടുത്താണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ഡോക്ടർമാർ ചർച്ചക്ക് എത്തുന്നില്ല, ഒടുവിൽ മമതയുടെ പ്രഖ്യാപനം; 'മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാനും തയ്യാർ'

സഹിക്കാനാകുന്നില്ലല്ലോ, എങ്ങും സങ്കടം മാത്രം, കണ്ണീരണിഞ്ഞ് കേരളം; അത്രമേൽ വേദനയോടെ ജെൻസന് വിടനൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios