കാൽനടയാത്രക്കാരന്‍റെ കൈ ഹാന്‍റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; തലയ്ക്ക് പരിക്കേറ്റയാൾ മരിച്ചു
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ബൈജു കമ്പനിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരാളെ കാണാൻ പോകുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്.
തിരുവനന്തപുരം: വഴിയാത്രക്കാരന്‍റെ കൈ ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തിരുവനന്തപുരം കാലടി കുളത്തറ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെയും സരസ്വതിയുടെയും മകന്‍ ജി.എസ്. ബൈജു(56) ആണ് മരിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നഗരസഭ കരമന വാർഡ് കൗൺസിലർ ജി.എസ്. മഞ്ജുവിന്റെ സഹോദരനാണ് ബൈജു.
വെളളിയാഴ്ച രാത്രി ഏഴരയോടെ കോവളം ബീച്ച് റോഡിൽ അപ്‌സരാ തിയേറ്റർ ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ബൈജു കമ്പനിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരാളെ കാണാൻ പോകുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനെ മറികടന്ന് എത്തിയ വഴിയാത്രക്കാരനായ യുവാവിന്റെ കൈബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതോടെ നിയന്ത്രണം വിട്ട് ബൈക്കോട് കൂടി മറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയെ തുടർന്ന് റോഡിൽ തലയിടിച്ചാണ് പരിക്കേറ്റത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.00 ഓടെയാണ് മരണം സംഭവിച്ചത്. അപകടത്തെ തുടർന്ന് കോവളം പൊലീസ് കേസെടുത്തു. അനിതയാണ് ബൈജുവിന്‍റെ ഭാര്യ. മകൻ ഗോവിന്ദ് കൃഷ്ണ. മൃതദേഹം ഇന്ന് രാവിലെ 10 ന് കുളത്തറയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഭാര്യയുടെ വീടായ ചാത്തന്നൂരിൽ മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read More : 'ലീലയെ കൊന്നത് പീഡനശ്രമം ചെറുത്തപ്പോഴെന്ന് മൊഴി, വാഷ് കുടിച്ചതും പ്രകോപനം'; രാജൻ റിമാൻഡിൽ