ദേശീയ പാത വികസനം; മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടിവീണു, തല മതിലിൽ ഇടിച്ചു, പരിക്കേറ്റ തൊഴിലാളി മരിച്ചു
മുറിച്ച ശിഖിരം കേടു പിടിച്ച മറ്റൊരു ശിഖിരത്തിൽ പതിച്ചതോടെ അപ്രതീക്ഷിതമായി ഒടിഞ്ഞ് അബ്ദുൽ ഖാദറിന്റെ തലയിലേക്കു പതിക്കുകയായിരുന്നു.
ചേര്‍ത്തല: ആലപ്പുഴയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ വൃക്ഷശിഖരം തലയിൽ വീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് തെക്കേ തറയിൽ (ഇല്ലിച്ചിറ) പരേതനായ അബ്ദുൽ റസാഖിന്റെ മകൻ അബ്ദുൽ ഖാദർ (നവാസ് - 47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ദേശീയപാതയിൽ ചേർത്തല കെ.വി.എം.ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.
ദേശീയപാത വിഭാഗം ഏറ്റെടുത്ത ആശുപത്രിക്കു മുന്നിലെ സ്ഥലത്ത് നിന്നിരുന്ന മരങ്ങൾ മുറിക്കുന്നതിനിടെയായിരുന്നു ദുരന്തം. മരം മുറിക്കുന്നതിനിടെ ആശുപത്രി വളപ്പിൽ നിൽക്കുകയായിരുന്നു അബ്ദുൽ ഖാദർ. കൂടെയുണ്ടായിരുന്ന തൊഴിലാളി മരത്തിനു മുകളിൽ കയറി മരം മുറിക്കുന്നതിനിടെ നിലത്തു നിന്നു കയർ വലിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അബ്ദുൽ ഖാദർ.
മുറിച്ച ശിഖിരം കേടു പിടിച്ച മറ്റൊരു ശിഖിരത്തിൽ പതിച്ചതോടെ അപ്രതീക്ഷിതമായി ഒടിഞ്ഞ് അബ്ദുൽ ഖാദറിന്റെ തലയിലേക്കു പതിക്കുകയായിരുന്നു. ശിഖിരം ദേഹത്തേക്കു പതിച്ചതോടെ അബ്ദുൽ ഖാദറിന്റെ തല സമീപത്തെ ആശുപത്രി മതിലിൽ അടിച്ചു. ഗുരുതര പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ മരിച്ചു. മാതാവ്:റുഖിയ ബീവി.ഭാര്യ: സുബൈദ.മക്കൾ: അജ്മൽ, അഷ്‌കർ.
Read More : 'കുടുംബ സീരിയിലിൽ നായിക, മീനുമായെത്തിയ ബിനുവുമായി അടുപ്പം, ഹണിട്രാപ്പ്'; സീരിയൽ നടിയെക്കുറിച്ച് അന്വേഷണം
അതിനിടെ കഴിഞ്ഞ ദിവസം കട്ടിപ്പാറ ചമലിൽ ചെത്ത് തൊഴിലാളിയെ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്. ചമലിന് സമീപം വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപം മലയിൽ പുത്തൻപുരയിൽ ദേവസ്യയുടെ കൃഷിയിടത്തിൽ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെജിയെ കാണാത്തതിനെ തുടർന്ന് തിരച്ചിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.