ഗള്‍ഫില്‍ നിന്നെത്തിയത് ഈന്തപ്പഴവുമായി; കാസര്‍കോട് സ്വദേശി വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങി
ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞു വെച്ച നിലയിലായിരുന്നു. ഇതാണ് കസ്റ്റംസ് പരിശോധനയില്‍ അധികൃതര്‍ പിടിച്ചെടുത്തത്.
കോഴിക്കോട്: വിദേശത്തു നിന്ന് സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോഡ് മൊഗ്രാൽ സ്വദേശി ഇസ്മയിൽ അബ്ദുള്ളയാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 170 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
ഒമാനിലെ മസ്കറ്റില്‍ നിന്നാണ് മൊഗ്രാൽ സ്വദേശി ഇസ്മയിൽ അബ്ദുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകളില്‍ അസ്വഭാവികതയൊന്നും കണ്ടില്ല. എന്നാല്‍ സംശയം തോന്നി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇയാള്‍ കൊണ്ടുവന്ന ഈന്തപ്പഴത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞ് വെച്ച നിലയിലായിരുന്നു. ഇത് കസ്റ്റംസ് അധികൃതര്‍ ഓരോന്നായി പുറത്തെടുത്തു. ആകെ 170 ഗ്രാം സ്വര്‍ണമുണ്ടായിരുന്നുവെന്നും വിപണിയില്‍ ഇതിന് പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ദമ്പതികൾ പുറത്തിറങ്ങി ആശുപത്രിയില്‍ പോയതിന് പിന്നാലെ കാറിന് തീപിടിച്ചു; തനിയെ നീങ്ങി ഭിത്തിയിൽ ഇടിച്ചുനിന്നു
കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതോടെ കാര്‍ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും പിന്നീട് അഗ്നിശമനസേനയും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...