മൺറോ തുരുത്ത് ഭാഗത്ത് പരിശോധന, ഒരാൾ പിടിയിലായി; ഇയാളുടെ കൈയിൽ ഉണ്ടായിരുന്നത് ഒന്നും രണ്ടുമല്ല 31 കിലോ കഞ്ചാവ്
കേരളത്തിലേക്ക് ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് ഇയാൾ.
കൊല്ലം: മൺറോ തുരുത്ത് ഭാഗത്ത് നടത്തിയ പരിശോധനയിൽ 31 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം തൃക്കരുവാ വില്ലേജിൽ വാടകയ്ക്ക് താമസിക്കുന്ന അജ്മൽ (25) എന്നയാളാണ് പിടിയിലായത്. കേരളത്തിലേക്ക് ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് ഇയാൾ.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്എസിന്റെ നിർദ്ദേശം അനുസരിച്ച്, കൊല്ലം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സിപി യുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രേം നസീർ, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത് ബിഎസ്, അനീഷ്.എം.ആർ, ജോജോ ജെ, സൂരജ്.പി.എസ്, ബാലു എസ് സുന്ദർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ.ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവരും പങ്കെടുത്തു.