ചുറ്റും പൊലീസ്, എല്ലാവരെയും വിഡ്ഢിയാക്കി ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിത്തുറന്നു, യുവാവ് അറസ്റ്റിൽ
ചിങ്ങമാസ പൂജയ്ക്ക് നടത്തുറന്നിരിക്കെ കഴിഞ്ഞ ഓഗസ്റ്റ് 20നാണ് കാണിക്കവഞ്ചി കുത്തിപ്പൊളിച്ചത്. നടയടച്ച ശേഷമാണ് ദേവസ്വം അധികൃതർക്ക് മോഷണ വിവരം മനസിലാക്കിയത്.
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച തമിഴ്നാട്ടുകാരനായ മോഷ്ടാവ് അറസ്റ്റിൽ. ചിങ്ങമാസ പൂജയ്ക്ക് നട തുറന്നിരിക്കെയാണ് മഹാകാണിക്കയുടെ മുന്നിലെ വഞ്ചി കുത്തിപ്പൊളിച്ചത്. ജോലിക്കാരൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണം. തെങ്കാശി കീലസുരണ്ട സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്.
ചിങ്ങമാസ പൂജയ്ക്ക് നടത്തുറന്നിരിക്കെ കഴിഞ്ഞ ഓഗസ്റ്റ് 20നാണ് കാണിക്കവഞ്ചി കുത്തിപ്പൊളിച്ചത്. നടയടച്ച ശേഷമാണ് ദേവസ്വം അധികൃതർക്ക് മോഷണ വിവരം മനസിലാക്കിയത്. ചുറ്റും കാവൽ നിൽക്കെ നടത്തിയ മോഷണം പൊലീസിനെയും ഞെട്ടിച്ചു. പമ്പയിലെയും സന്നിധാനത്തെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. പ്രത്യേകസംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെയെല്ലാം പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്. വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വന്നിരുന്ന പ്രതി പൊലീസ് കേസ് എടുത്ത് വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല.
സംശയം തോന്നിയ പൊലീസ് ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുനൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് തെരച്ചിൽ നീണ്ടു. ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനു ശേഷം തിങ്കളാഴ്ച പുലർച്ചയോടെ തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള സുരണ്ടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിദഗ്ധമായി കുടുക്കി. പ്രതിയെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി.