ആദ്യം വഴി ചോദിച്ചു, ബസ് കാത്തു നിന്ന വയോധികയെ നിർബന്ധിച്ച് കാറിൽ കയറ്റി, വഴിയിൽ വെച്ച് ആഭരണം കവർന്നു; അറസ്റ്റ്
ബസ് കാത്തു നിന്ന വയോധികയെ വഴി ചോദിച്ച ശേഷം നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന ശേഷം വഴിയിൽ ഇറക്കി വിട്ടു.
പത്തനംതിട്ട : വയോധികയെ കാറിൽ തട്ടി കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി നൂറനാട് പൊലീസിന്റെ പിടിയിൽ. അടൂർ മുന്നാളം സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ഇന്നലെ പന്തളം മാവേലിക്കര റോഡിൽ വെച്ചാണ് സംഭവമുണ്ടായത്. ബസ് കാത്തു നിന്ന വയോധികയെ വഴി ചോദിച്ച ശേഷം നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന ശേഷം വഴിയിൽ ഇറക്കി വിട്ടു. ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മാവേലിക്കര- പന്തളം റോഡിൽ കഴിഞ്ഞ ദിവസം സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. പന്തളത്തേക്ക് പോകാൻ ബസ് കാത്ത് നിന്ന വയോധികയുടെ അടുത്തേക്ക് പ്രതി കാറുമായെത്തി, പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുത്ത വയോധികയെ പന്തളത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞ സഞ്ജിത്ത് നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കുടുംബവിശേഷമൊക്കെ പറഞ്ഞ് അൽപദൂരം പോയ ശേഷം ലക്ഷ്യം നടപ്പാക്കി. കൈയിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ വൃദ്ധയുടെ കണ്ണിലടിച്ചു.
നീറ്റൽ സഹിക്കാനാകാതെ കണ്ണുതുറക്കാനാകാത്ത സ്ത്രീയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം ഊരിയെടുത്തു. മൂന്ന് പവൻ മാലയും ഒരു പവൻ തൂക്കം വരുന്ന വളയുമാണ് ഊരിയെടുത്തത്. കമ്മൽ ചോദിച്ചെങ്കിലും സ്വർണമല്ലെന്ന് പറഞ്ഞതിനാൽ എടുത്തില്ല. വീണ്ടും കുറച്ച് ദൂരം കാറിൽ പോയ ശേഷം സത്രീയെ വഴിയിൽ ഇറക്കി വിട്ടു. റോഡിൽ കരഞ്ഞുകൊണ്ടു നിന്ന അവരെ അതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പണം നൽകി ബസിൽ കയറ്റി വീട്ടിലെത്തിച്ചത്. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകി. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറികൾക്കകം പ്രതി പിടിയിലായി. കമ്പ്യൂട്ടർ എഞ്ചിനീയറായ സഞ്ജിത്ത് കട ബാധ്യത തീർക്കാനാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു.