'ആത്മ സുഹൃത്തുക്കള്‍, വിട ചൊല്ലിയതും ഒരുമിച്ച്'; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മന്ത്രി
''വേര്‍പിരിയാത്ത സുഹൃദ് ബന്ധം എന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്.''
താനൂര്‍: വാഹനാപകടത്തില്‍ മരിച്ച മൃദുലിനെയും ഇര്‍ഫാനെയും അനുസ്മരിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ആത്മ സുഹൃത്തുക്കളും അയല്‍ക്കാരുമായിരുന്ന ഇരുവരും ലോകത്തോട് വിട ചൊല്ലിയതും ഒരുമിച്ചായിരുന്നുവെന്ന് അബ്ദുറഹിമാന്‍ പറഞ്ഞു. കുടുംബങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ദുഃഖവും നാടിന് തീരാനൊമ്പരവുമായി അവരുടെ വേര്‍പാട്. ഇരുവരുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അറിയിച്ചു.
അബ്ദുറഹിമാന്റെ കുറിപ്പ്: 'വേര്‍പിരിയാത്ത സുഹൃദ് ബന്ധം എന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. എന്റെ മണ്ഡലത്തില്‍ തലക്കടത്തൂരില്‍ രണ്ടു കുട്ടികള്‍ മൃദുലും ഇര്‍ഫാനും ഈ ലോകത്തോട് വിട ചൊല്ലിയത് ഒരുമിച്ചായിരുന്നു. അവര്‍ അയല്‍ക്കാരായിരുന്നു. അവര്‍ ആത്മ സുഹൃത്തുക്കളായിരുന്നു. അവര്‍ കാല്‍പന്തിനെ സ്‌നേഹിച്ചവരായിരുന്നു. അവര്‍ യുവജന സംഘടനയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരായിരുന്നു. ഒരു വാഹനാപകടം രണ്ട് പേരേയും നഷ്ടപ്പെടുത്തി. കുടുംബങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ദുഃഖവും നാടിന് തീരാനൊമ്പരവുമായി അവരുടെ വേര്‍പാട്. ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. മൃദുലിന്റെയും ഇര്‍ഫാന്റേയും വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.'
കഴിഞ്ഞ ദിവസമാണ് മൃദുലും ഇര്‍ഫാനും മരിച്ചത്. ശനിയാഴ്ച നടന്ന വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. ടര്‍ഫിലെ ഫുട്‌ബോള്‍ കളി കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഓടി കൂടിയ പ്രദേശവാസികൾ ഉടന്‍ തന്നെ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുമ്പോഴാണ് ഇരുവരും മരണപ്പെട്ടത്. ഡിവൈഎഫ്‌ഐ തലക്കടത്തൂര്‍ വെസ്റ്റ് യൂണിറ്റ് സെക്രട്ടറിയും പയ്യനങ്ങാടി എഎം മോട്ടോഴ്‌സ് ജീവനക്കാരനുമാണ് മൃദുല്‍. കാറ്ററിംഗ് ജീവനക്കാരനാണ് ഇര്‍ഫാന്‍.
യുദ്ധക്കളമായി തലസ്ഥാനം, ഡിസിസി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹം, പിരിഞ്ഞുപോകാതെ പ്രവർത്തകർ