തിരൂരങ്ങാടി ഹണിട്രാപ്പ് ;'ഹോട്ടലിലേക്ക് വരുത്തി, ശ്രദ്ധിക്കാതിരിക്കാൻ പുറത്തെ ടേബിളിലിരുന്നു, പണം കൈപ്പറ്റി'
കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരങ്ങാടിയിയിൽ 27 കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയനാട് സ്വദേശിയായ യുവതിയും യുവാവും പിടിയിലാവുന്നത്.
തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ ഹണിട്രാപ്പിൽപ്പെടുത്തി യുവാവിൽ നിന്നും യുവതിയും കൂട്ടാളിയും പണം തട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരൂരങ്ങാടി ദേശീയപാതയ്ക്കടുത്തുള്ള കൊളപ്പുറത്തെ ഒരു ഹോട്ടലിന് സമീപത്ത് വെച്ചാണ് യുവതി പരാതിക്കാരനായ യുവാവിൽ നിന്നും 50,000 രൂപ കൈപ്പറ്റിയത്. യുവതിക്കൊപ്പം കേസിലെ കൂട്ടുപ്രതിയായ യുവാവും ഉണ്ടായിരുന്നു. പരാതിക്കാരനായ യുവാവിന്‍റെ കൂടെ വന്നവരിൽ ഒരാള്‍ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരങ്ങാടിയിയിൽ 27 കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയനാട് സ്വദേശിയായ യുവതിയും യുവാവും പിടിയിലാവുന്നത്. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്‍റെ പിടിയിലായത്. പെരുവള്ളൂർ സ്വദേശിയും തിരൂരങ്ങാടിയിൽ സ്വകാര്യ സ്ഥാപനം നടത്തുകയും ചെയ്യുന്ന 27കാരൻറെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
അറസ്റ്റിലായ മുബഷിറ പരാതിക്കാരനായ യുവാവിന്‍റെ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് ഇരുവരും അടുപ്പത്തിലാകുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. തുടർന്നാണ് താൻ ഗർഭിണിയാണെന്നും വിവരം പുറത്ത് പറയുമെന്നും ഭീഷണിപ്പെടുത്തി യുവതി പണം തട്ടിയത്. ഭീഷണിയെത്തുടർന്ന് യുവാവ് പണം നൽകാമെന്ന് സമ്മതിച്ചു. ആദ്യം യുവതി 50000 രൂപയാണ് ആവശ്യപ്പെട്ടത്. പണത്തിനായി യുവതി പരാതിക്കാരനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി. അവിടെയെത്തുമ്പോഴാണ് യുവതിക്കൊപ്പം സുഹൃത്തിനെയും കാണുന്നത്. ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ ഹോട്ടലിന് പുറത്തിരുന്നാണ് യുവതിയും കൂട്ടാളിയും പണം കൈപ്പറ്റിയത്. തുടർന്ന് ഇരുവരും സ്ഥലംവിട്ടു.
ഇതിന് പിന്നാലെ യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് തന്നെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി യുവാവ് പൊലീസിലെത്തുന്നത്. മുബഷിറ പരാതിക്കാരനായ യുവാവിൽ നിന്നും ഗർഭിണിയായിരുന്നു. പിന്നീട് യുവതി ഗർഭച്ഛിദ്രം നടത്തിയതായും പൊലീസ് പറഞ്ഞു. കൂടുതൽ പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മുബഷിറയും സുഹൃത്ത് അർഷദ് ബാബുവും യുവാവിനെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.