മലപ്പുറത്ത് സ്കൂൾ ബസ് വീടിന്‍റെ മതിൽ ഇടിച്ചുകയറി മറിഞ്ഞു; കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി, ആശുപത്രിയിലാക്കി
നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു
മലപ്പുറം: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. ബസിലെ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. എന്നാൽ ബസിനു പിന്നിൽ സഞ്ചരിച്ച ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ അടക്കം ഏഴ് പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ ആറ് പേർക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലായി നടന്ന അഞ്ച് വാഹനാപകടങ്ങളിലാണ് ആറ് പേർക്ക് ജീവൻ നഷ്ടമായത്. തിരുവനന്തപുരം തിരുവല്ലത്ത് മീൻ ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചെന്ന വാർത്തയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏവരെയും നൊമ്പരപ്പെടുത്തിയത്. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് തലസ്ഥാനത്തെ അപകടത്തിൽ മരിച്ചത്. ഉച്ചയോടെ എറണാകുളം ചേരാനെല്ലൂരിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ട് ബൈക്കുകളിൽ ലോറി ഇടക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ലിസ ആന്‍റണി, നസീബ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ ദേശീയ പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. അച്ഛനും മകനും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അച്ഛൻ അരൂർ തൈക്കടവിൽ അശോകന്‍റെ ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് തൃശ്ശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്തുണ്ടായ അപകടത്തിലും ഒരു ജീവൻ നഷ്ടമായി. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. തിരുമംഗലം സ്വദേശി അംബുജാക്ഷൻ ആണ് മരിച്ചത്. ഇതിന് പിന്നാലെയാണ് പാലക്കാട് തൃത്താലയിൽ നിന്ന് മറ്റൊരു ദുരന്ത വാർത്ത കൂടി എത്തിയത്. തൃത്താലയിൽ നടന്ന വാഹനാപകടത്തിലും ഒരു ജീവൻ നഷ്ടമായി. കാറും ലോറിയും കൂട്ടി ഇടിച്ച് തൃത്താല സ്വദേശിയാണ് മരിച്ചത്.