'ഇത്തവണ പെട്ടത് തിരുവനന്തപുരംകാരൻ, പ്രതിയും മലയാളി, മലപ്പുറംകാരൻ'; 2 കോടി തട്ടിയത് ഇങ്ങനെ, ഒടുവിൽ പിടിവീണു
ഓൺലൈൻ തട്ടിപ്പുകൾക്ക് കേരളത്തിൽനിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യും. അവർ വഴി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് വ്യാജ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്.
മലപ്പുറം: ഓൺലൈൻ തട്ടിപ്പിലൂടെ തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. തട്ടിപ്പിന്‍റെ സ്വഭാവം ഉത്തരേന്ത്യൻ മോഡൽ ആണെങ്കിലും അന്വേഷണത്തിൽ പിടിവീണത് മലയാളിക്ക് തന്നെയാണ്. മലപ്പുറം സ്വദേശി മനുവാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട് തിരുച്ചിറപ്പള്ളി എയർപോർട്ടിൽ നിന്നാണ് മനുവിനെ പിടികൂടിയത്. ഓൺലൈൻ വഴി നിക്ഷേപ പദ്ധതിയിൽ ചേർത്ത് പണം തട്ടിയ കംബോഡിയൻ സംഘത്തിലെ മുഖ്യ ആസൂത്രകനാണ് പിടിയിലായ മനുവെന്ന് പൊലീസ് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പുകൾക്ക് കേരളത്തിൽനിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യും. അവർ വഴി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് വ്യാജ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് ഇയാളുടേയും സംഘങ്ങളുടേയും രീതി. കമ്പോഡിയയിൽ കോൾ സെന്‍റർ സ്ഥാപിച്ച് അതിലൂടെയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. 2024 ജൂണിലാണ് തിരുവനന്തപുരം സ്വദേശിയായ യുവാവിൽ നിന്ന് പലഘട്ടങ്ങളിലായി രണ്ട് കോടി രൂപ മനു തട്ടിയെടുത്തത്.
ഓൺലൈൻ ട്രേഡിംഗ് ആപ്പ് എന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് ഇരയാക്കിയത്. ഇയാളുടെ പരാതിയിൽ അന്വേഷണം നടത്തിയ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് മനു കമ്പോഡിയയിൽ ആണന്ന് കണ്ടത്തുകയും, ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും, ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പരാതിയുടെ ഭാഗമായി വ്യാജ സിമ്മുകൾ വിൽപ്പന നടത്തിയാളെയും, ബാങ്ക് അക്കൗണ്ട് വില്പനനടത്തിയാളെയും, സ്വന്തം അക്കൗണ്ട് കമ്മീഷൻ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകിയ ആളെയും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ എയർപോർട്ടിൽ നിന്ന് മനുവിനെ പിടികൂടിയത്.
Read More : ഓടിക്കൊണ്ടിരുന്ന സിഎൻജി ഒട്ടോറിക്ഷയിൽ നിന്ന് തീയും പുകയും, പിന്നാലെ നിന്ന് കത്തി; സംഭവം തൃശൂരിൽ