മലപ്പുറത്ത് രണ്ട് വാർഡുകൾ പിടിച്ചെടുത്ത് യുഡിഎഫ്, ഒരു വാർഡിൽ എൽഡിഎഫിനും നേട്ടം
മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ്, തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഫലം വന്നതോടെ മലപ്പുറം ജില്ലയിൽ യുഡിഎഫിന് നേട്ടം. രണ്ട് വാർഡുകൾ പിടിച്ചെടുത്തിതിന് പുറമെ ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ നിലനിർത്തുകയും ചെയ്തു. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ്, തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ യുഡിഎഫ് നിലനിർത്തി. യു.ഡി.എഫ് സ്ഥാനാർഥി എൻ.എം. രാജൻ 6786 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.സി ബാബുരാജ് 19694 വോട്ടുകൾ നേടി. ബി.ജെ.പിയിലെ എ.പി ഉണ്ണിക്ക് 2538 വോട്ടുകളാണ് ലഭിച്ചത്. തൃക്കലങ്ങോട് ഡിവിഷനിലെ മമ്പർ എ.പി. ഉണ്ണികൃഷണൻ മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർഥി എ.പി ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്. തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ലൈല ജലീൽ 520 വോട്ടിനാണ് വിജയിച്ചത്.
Read More... എല്‍ഡിഎഫ് 260 വോട്ടിന് ജയിച്ച വാര്‍ഡില്‍ അട്ടിമറി വിജയത്തോടെ നാട്ടികയില്‍ യുഡിഎഫ് ഭരണം പിടിച്ചെടുത്തു
ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി അബ്ദുറഹ്മാൻ 410 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മരിച്ച ആളുടെ പേരിലുള്ള പെൻഷൻ തട്ടിയെടുത്ത കേസില്‍ ഉള്‍പ്പെട്ട യുഡിഎഫ് അംഗം ഹക്കിം പെരുമുക്ക് രാജിവച്ച ഒഴിവിലേക്കാണ് ആലങ്കോട് പഞ്ചായത്തിലെ പെരുമുക്കില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.