മാടായി കോളേജ് നിയമനം: രാഘവനെതിരെ പ്രതിഷേധം, എഐസിസിക്ക് വീണ്ടും പരാതിയുമായി പയ്യന്നൂരിലെ കോൺഗ്രസ് പ്രവർത്തകർ
നിയമന വിവാദം പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെ കെപിസിസി ഉപസമിതി കണ്ണൂരിലെത്തി നടത്തിയ ചർച്ചകളിൽ സമവായ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ തുടർ ചർച്ചകൾ ഇല്ലാതായതോടെയാണ് രാഘവ വിരുദ്ധർ വീണ്ടും രംഗത്തിറങ്ങുന്നത്.
കോഴിക്കോട്: മാടായി കോളേജ് നിയമനത്തിൽ ഇടവേളക്ക് ശേഷം എംകെ രാഘവനെതിരെ പ്രതിഷേധം പുകയുന്നു. എംപിയുടെ ബന്ധുവായ ഡിവൈഎഫ്ഐ പ്രവർത്തകന് നൽകിയ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിലെ കോൺഗ്രസ് പ്രവർത്തകർ എഐസിസിക്ക് വീണ്ടും പരാതി നൽകി. കേരളത്തിന്‍റെ ചുമതലയുളള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കാണ് ഇരുന്നൂറിലധികം പ്രവർത്തകർ ഒപ്പിട്ട പരാതി നൽകിയത്. കോൺഗ്രസ് നിയന്ത്രണത്തിലുളള സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് പ്രത്യേക മാനദണ്ഡം വേണമെന്നും പാർട്ടി പ്രവർത്തകരെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. അനുകൂല തീരുമാനമില്ലെങ്കിൽ പരസ്യപ്രതിഷേധം വീണ്ടും തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. നിയമന വിവാദം പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെ കെപിസിസി ഉപസമിതി കണ്ണൂരിലെത്തി നടത്തിയ ചർച്ചകളിൽ സമവായ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ തുടർ ചർച്ചകൾ ഇല്ലാതായതോടെയാണ് രാഘവ വിരുദ്ധർ വീണ്ടും രംഗത്തിറങ്ങുന്നത്.
പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ എം കെ രാഘവൻ എംപിയും കണ്ണൂർ കോൺഗ്രസും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. എംകെ രാഘവന് മാപ്പില്ലെന്നും ഒറ്റുകാരനെന്നും ആരോപിച്ച് എംപിക്കെതിരെ ഇന്ന് പയ്യന്നൂരിൽ പോസ്റ്ററുകൾ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. പയ്യന്നൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മതിലിലാണ് പുലർച്ചെ പോസ്റ്ററുകൾ പതിച്ചത്. രാഘവൻ അനുകൂലികളായ എ ഗ്രൂപ്പ് പ്രവർത്തകരും പ്രതിഷേധിച്ചതിനു നടപടി നേരിട്ട കോൺഗ്രസ് നേതാക്കളും പഴയങ്ങാടിയിൽ തെരുവിൽ ഏറ്റുമുട്ടിയത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമാവുകയും ചെയ്തിരുന്നു.
മാടായി കോളേജ് വിഷയം സംഘടനാ പ്രതിസന്ധിയായതോടെയാണ് കെപിസിസി ഇടപെടൽ. അതീവ ഗുരുതരമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തിയ വിഷയത്തിൽ തുടര്‍ നടപടികളില്ലാത്തതാണ് വീണ്ടും എംകെ രാഘവനെതിരായ പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കണ്ണൂരിൽ നിന്ന് തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ എംകെ രാഘവനും എഐസിസിയെ കടുത്ത അര്‍ഷം അറിയിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കാതെ എംപിയുടെ ബന്ധുവായ ഡിവൈഎഫ്ഐ പ്രവർത്തകന് ജോലി നൽകിയതിന് എതിരായ പ്രതിഷേധങ്ങൾ കണക്കിലെടുക്കണമെന്ന് ആവശ്യവുമുണ്ട്. വിഷയത്തിൽ ജില്ലാ കോൺഗ്രസിൽ പ്രതിഷേധം അവസാനിച്ചിരുന്നില്ല. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. കല്യാശ്ശേരിയിലെ മണ്ഡലം കമ്മിറ്റിയും സമാന നിലപാടെടുത്തിരുന്നു. നവകേരള ബസിന് കരിങ്കൊടി കാണിച്ചതിന് മർദനമേറ്റവർ വരെ ഇക്കൂട്ടത്തിലുണ്ടെന്നതാണ് കേൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്..