പാചക വാതക ടാങ്കർ ലോറി ഹംപിൽ ഇടിച്ചു, ക്യാബിനും ടാങ്കും രണ്ടായി വേർപെട്ടു; സംഭവം കോഴിക്കോട്
അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട്: റോഡിലെ ഹംപിൽ കയറിയതിനെ തുടര്‍ന്ന് പാചക വാതകം കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവറുടെ കാബിനും ടാങ്കും തമ്മില്‍ വേര്‍പെട്ടു. കോഴിക്കോട് നഗരാതിര്‍ത്തിയില്‍ എലത്തൂരിന് സമീപം അമ്പലപ്പടി അണ്ടര്‍പാസിന് സമീപത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
റോഡിലെ ഹംപിൽ കയറിയ ഉടന്‍ ഡ്രൈവറുടെ കാബിനും പാചകവാതകം നിറയ്ക്കുന്ന കാപ്‌സ്യൂള്‍ ആകൃതിയിലുള്ള ടാങ്കും വേര്‍പ്പെട്ടു പോവുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് വേണ്ടി മംഗളൂരുവിലേക്ക് പാചക വാതകമെടുക്കാനായി പോകുകയായിരുന്നു. ടാങ്ക് ശൂന്യമായതിനാല്‍ വലിയ അപകടം ഒഴിവായി. ലോറിയുടെയും സിലിണ്ടര്‍ വഹിച്ച കാരിയറിന്റെയും ഭാഗങ്ങള്‍ കാലപ്പഴക്കത്താല്‍ തുരുമ്പിച്ച നിലയിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയും എലത്തൂര്‍ പോലീസും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ ടാങ്കും ലോറിയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം