വടിയും ചെരിപ്പും വസ്ത്രങ്ങളും കിണറിന് സമീപം; ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രദേശവാസിയാണ് വേണുകുമാർ ഉപയോഗിച്ചിരുന്ന വടിയും വസ്ത്രങ്ങളും ചെരിപ്പും കിണറിനു സമീപം കണ്ടത്.
ഹരിപ്പാട്: ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് മാമൂട് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തിവന്ന മുതുകുളം തെക്ക് കാങ്കാലിൽ വീട്ടിൽ ബി.വേണുകുമാറിനെയാണ് (53) വീടിന് സമീപത്തുള്ള ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രദേശവാസിയാണ് ഭിന്നശേഷിക്കാരനായ വേണുകുമാർ ഉപയോഗിച്ചിരുന്ന വടിയും വസ്ത്രങ്ങളും ചെരിപ്പും കിണറിനു സമീപം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്ന് ഫയർഫോഴ്സ് വന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അസുഖത്തെ തുടർന്നുള്ള മനോവിഷമത്താൽ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശോഭ. മക്കൾ: സാന്ദ്ര, ശ്രുതി. മരുമകൻ: നന്ദു.
READ MORE: എൽഡിഎഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല: എം.എ ബേബി