സാധാരണയേക്കാൾ നീളം, പല്ലുകൾ കാലുകളിൽ ആഴ്ന്നിറങ്ങി; ചത്തിട്ടും പിടിവിട്ടില്ല, ഗൃഹനാഥന് കരമ്പൂച്ചയുടെ കടിയേറ്റു
പെട്ടെന്ന് ഒരു പ്രകോപനവുമില്ലാതെ പൂച്ച ഓടിവന്ന് കാലിൽ കടിക്കുകയായിരുന്നുവെന്ന് അനിൽ പറഞ്ഞു. പിടിച്ചുമാറ്റാൻ ശ്രമിച്ചു. അപ്പോൾ കടിയുടെ പിടിത്തം കൂടി. വീട്ടുകാർ ഒച്ചവെച്ചതോടെ നാട്ടുകാർ ഓടിയെത്തി
ആലപ്പുഴ: വീട്ടുമുറ്റത്തെത്തിയ കറുത്ത പൂച്ച ഗൃഹനാഥന്‍റെ കാലിൽ കടിച്ചുപിടിച്ചു. വീട്ടുകാരും അയൽവാസികളും ശ്രമിച്ചിട്ടും പിടി വിടുവിക്കാൻ കഴിഞ്ഞില്ല. ചത്തിട്ടും വിടാത്ത പൂച്ചയുടെ പിടിത്തത്തിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് ഗൃഹനാഥനെ രക്ഷിച്ചത്. ആലപ്പുഴ കൊറ്റംകുളങ്ങര വാർഡ് കാളാത്ത് തറയിൽ അനിലിനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണു സംഭവം. വീട്ടുപടിക്കൽ കറുത്ത പൂച്ചയെ കണ്ടാണ് അനിൽ പുറത്തിറങ്ങിയത്.
പെട്ടെന്ന് ഒരു പ്രകോപനവുമില്ലാതെ പൂച്ച ഓടിവന്ന് കാലിൽ കടിക്കുകയായിരുന്നുവെന്ന് അനിൽ പറഞ്ഞു. പിടിച്ചുമാറ്റാൻ ശ്രമിച്ചു. അപ്പോൾ കടിയുടെ പിടിത്തം കൂടി. വീട്ടുകാർ ഒച്ചവെച്ചതോടെ നാട്ടുകാർ ഓടിയെത്തി. എന്നിട്ടും, പൂച്ചയുടെ കടി വിടുവിക്കാനായില്ല. ഒടുവിൽ, അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും പൂച്ച ചത്തിരുന്നെങ്കിലും കാലിൽ നിന്ന് പിടി വിട്ടിരുന്നില്ല.
അഗ്നിരക്ഷാസേനയാണ് അനിലിനെ മോചിപ്പിച്ചത്. പൂച്ചയുടെ പല്ലുകൾ കാലിൽ ആഴ്ന്നിറങ്ങിയിരുന്നു. രാത്രി തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തി പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തു. സാധാരണ പൂച്ചയെക്കാൾ നീളമുള്ള കറുത്ത പൂച്ചയാണ് കടിച്ചത്. ഇത് നാടൻ പൂച്ചയാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം