10 മണിക്ക് ശേഷം റോഡിൽ ഇറങ്ങിയതിന് നാട്ടുകാരുടെ മര്‍ദ്ദനം; സിസിടിവി ദൃശ്യം പുറത്ത് പ്രതികളെ പിടിക്കാതെ പൊലീസ്
ഇരു കാലിൻറെയും എല്ലുപൊട്ടി, ചെവി മുറിയുകയും ചെയ്ത അര്‍ഷാദ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പാലക്കാട്: കടമ്പഴിപ്പുറത്ത് രാത്രി പത്തുമണിക്കു ശേഷം റോഡിൽ ഇറങ്ങി നടന്നതിന് യുവാക്കളെ നാട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടിക്കാതെ പൊലീസ്. ആക്രമണം നടത്തിയ പത്തു പേര്‍ക്കെതിരെയും ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിരുന്നെങ്കിലും ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം, പ്രതികളെ പിടികൂടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൈമാറി.
രാഹുൽ, ഫൈസൽ, സുബൈര്‍, സന്തോഷ്, സിദ്ദീഖ്, ഷഹീര്‍, ഷിഹാബ്, കുഞ്ഞുട്ടി, മോഹനൻ, ജയറാം തുടങ്ങി, കടമ്പഴിപ്പുറം സ്വദേശികളായ 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. കലാപശ്രമം, വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസിന്റെ കയ്യെത്തും ദൂരത്ത് പ്രതികളുണ്ടായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരിക്കേറ്റവരുടെ പരാതി.
കടമ്പഴിപ്പുറം അങ്ങാടിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മകൾക്കൊപ്പം സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു അര്‍ഷാദ്. കാറിലെത്തിയ പ്രതികൾ അര്‍ഷാദിനെ തടഞ്ഞുവെച്ചു. ജാഗ്രതാ സമിതി അംഗങ്ങളാണെന്നും പത്തുമണിക്കു ശേഷം പുറത്തിറങ്ങരുതെന്നും പ്രതികൾ പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. പ്രതികൾ കയ്യിലുണ്ടായിരുന്ന ഇരുമ്പ്ദണ്ഡും കത്തിയും ആയുധങ്ങളും ഉപയോഗിച്ച് അര്‍ഷാദിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.
തടയാനെത്തിയ സുഹൃത്തിനെയും സംഘം മര്‍ദ്ദിച്ച് അവശനാക്കി. ഇരു കാലിൻറെയും എല്ലുപൊട്ടി, ചെവി മുറിയുകയും ചെയ്ത അര്‍ഷാദ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നുമാണ് ശ്രീകൃഷ്ണപുരം പൊലീസ് അറിയിക്കുന്നത്. പ്രതികൾക്ക് യുവാക്കളോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതാണ് ആക്രമണത്തിന്പിന്നിലെ കാരണമെന്നും പൊലീസ് പറയുന്നു.