ട്രാക്ടർ കണ്ട് സംശയം തോന്നി, പരിശോധനയിൽ മാലിന്യം; സഹികെട്ട് നാട്ടുകാർ ചെയ്തത്!
വാഹനം തടഞ്ഞ് പരിശോധിച്ചതില്‍ ബേക്കറികളിലെയും ഹോട്ടലുകളിലെയും ഭക്ഷണാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടെ നാട്ടുകാർ വാഹനം തടഞ്ഞിട്ട് പ്രതിഷേധിക്കുകയായിരുന്നു
കല്‍പ്പറ്റ: പനമരം പഞ്ചായത്തിലുള്‍പ്പെട്ട കീഞ്ഞുകടവ് കാക്കത്തോട്ടില്‍ ടൗണില്‍ നിന്നുള്ള മാലിന്യം വാഹനത്തില്‍ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്ത്. മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനെന്ന് മുമ്പ് പഞ്ചായത്ത് പറഞ്ഞ സ്ഥലത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ ബേക്കറി, ഹോട്ടല്‍ തുടങ്ങിയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ അശാസ്ത്രീയമായി തള്ളിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കീഞ്ഞുകടവില്‍ മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരിക്കുന്നതും, പനമരം ടൗണിലെ മാലിന്യം കൊണ്ടുപോവുന്നതുമായ പഞ്ചായത്തിന്റെ ട്രാക്ടറാണ് തടഞ്ഞത്.
കാക്കത്തോട്ടിലേക്ക് മാലിന്യവുമായി അടുപ്പിച്ച് മൂന്ന് ലോഡെത്തിയതാണ് നാട്ടുകാരെ സംശയത്തിലാക്കിയത്. വാഹനം തടഞ്ഞ് പരിശോധിച്ചതില്‍ ബേക്കറികളിലെയും ഹോട്ടലുകളിലെയും ഭക്ഷണാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടെയാണ് വാഹനം തടഞ്ഞിട്ടത്. പ്രശ്‌നം രൂക്ഷമായപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡംഗവും പനമരം പൊലീസും സ്ഥലത്തെത്തി ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മഴപെയ്താല്‍ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലമായതിനാലും കഴിഞ്ഞ പ്രളയങ്ങളുടെ രൂക്ഷത അനുഭവിച്ചതിനാലും ജനവാസമേഖലയില്‍ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മാലിന്യം തള്ളിയിരുന്നെങ്കിലും ജനങ്ങള്‍ പരാതിപ്പെട്ടതോടെ നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് ഹരിതകര്‍മ്മ സേനകള്‍ ശേഖരിക്കുന്ന മാലിന്യം കാക്കത്തോട്ടില്‍ സൂക്ഷിച്ച് കയറ്റി അയക്കാന്‍ നല്‍കിയ ഇളവ് പഞ്ചായത്ത് ദുരുപയോഗിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തിന് ഒടുവില്‍ ഇപ്പോള്‍ തള്ളിയതടക്കമുള്ള മാലിന്യം രണ്ടുദിവസത്തിനകം മാറ്റിനല്‍കാമെന്ന് പഞ്ചായത്തധികൃതര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരിക്കുകയാണ്. കാക്കത്തോട്ടില്‍ മുമ്പ് പഞ്ചായത്ത് മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണത്തിനായി ലക്ഷങ്ങള്‍ മുടക്കി കെട്ടിടം പണിതിരുന്നെങ്കിലും പദ്ധതി വിജയം കണ്ടില്ല. ഇതിന്റെ മറവിലാണ് ഇപ്പോള്‍ മാലിന്യം തള്ളാനുള്ള ഇടമാക്കി കാക്കത്തോടിനെ മാറ്റുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം