തദ്ദേശ തെരഞ്ഞെടുപ്പ്: പ്രോക്സി വോട്ട് ദുരുപയോഗം ചെയ്യുമെന്ന വിലയിരുത്തലിൽ എൽഡിഎഫും
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ട് ദുരുപയോഗം ചെയ്യുമെന്ന വിലയിരുത്തലിൽ സിപിഎമ്മും എൽഡിഎഫും.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ട് ദുരുപയോഗം ചെയ്യുമെന്ന വിലയിരുത്തലിൽ സിപിഎമ്മും എൽഡിഎഫും. അതിനാൽ കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് ഏർപ്പെടുത്തണമെന്നാണ് മുന്നണിയുടെ അഭിപ്രായം. പ്രോക്സി വോട്ട് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ യുഡിഎഫും ബിജെപിയും രംഗത്തെത്തി.
കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടോ നോമിനിക്ക് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമായ പ്രോക്സി വോട്ടോ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനായി നിയമഭേദഗതി വേണമെന്ന് കമ്മീഷന്റെ നിലപാടിനെതിരെയാണ് യുഡിഎഫും ബിജെപിയും രംഗത്തെത്തിയത്.
പ്രോക്സി വോട്ട് ജനവിധിയെ അട്ടിമറിക്കാനേ സഹായിക്കൂവെന്നാണ് യുഡിഎഫിന്റെ ആക്ഷേപം. സമാന അഭിപ്രായമാണ് ബിജെപിക്കും. ഒരു വോട്ട് പോലും നിർണ്ണായകമായ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രോക്സിവോട്ട് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മും എൽഡിഎഫും. അതിനാൽ തപാൽ വോട്ട് അനുവദിക്കാനാണ് നീക്കം.
രാഷ്ട്രീയ പാർട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തുന്നുണ്ട്. അതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ സർക്കാർ നിയമനിർമ്മാണം നടത്തുക. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂട്ടണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമെങ്കിലും പുതിയ സാഹചര്യത്തിൽ രണ്ട് മണിക്കൂർ കൂട്ടാനും ആലോചിക്കുന്നുണ്ട്. ഏതായാലും തപാൽ വോട്ടാണോ പ്രോക്സി വോട്ടാണോ വേണ്ടെതെന്ന് സർക്കാർ തീരുമാനിക്കട്ടേയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.