പൂസായ പോലെ ആടിയാടി വന്ന് എതിരെ വരുന്നയാളെ ഒന്ന് മുട്ടും, ഇത് സ്ഥിരം തന്ത്രമാക്കി; ഷഹീറിനെ വലയിലാക്കി പൊലീസ്
എതിർവശം വരുന്ന ആളുകളുടെ ശരീരത്തിൽ, മദ്യലഹരിയിൽ എന്ന പോലെ തട്ടിയാണ് ഇയാൾ ഫോൺ മോഷ്ടിക്കുന്നത്. ഇയാളുടെ പേരിൽ അനവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ: തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കുന്ന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ഷഹീർ ആണ് അറസ്റ്റിലായത്. തൃശൂർ എം ഒ റോഡിലാണ് ഇയാൾ സ്ഥിരം മോഷണം നടത്താറുള്ളത്. എതിർവശം വരുന്ന ആളുകളുടെ ശരീരത്തിൽ, മദ്യലഹരിയിൽ എന്ന പോലെ തട്ടിയാണ് ഇയാൾ ഫോൺ മോഷ്ടിക്കുന്നത്. ഇയാളുടെ പേരിൽ അനവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പാലക്കാട് ബൈക്കിലെത്തി വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിലായിരുന്നു. പാലക്കാട് കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു സംഭവം. കുട്ടാപ്പി എന്ന് വിളിക്കുന്ന പാലക്കാട് മണ്ണൂർ സ്വദേശി പ്രവീൺ (24) ആണ് പിടിയിലായത്. പാലക്കാട് തടുക്കശ്ശേരി കളപ്പാറ പാലത്തിന് സമീപം വെച്ച് കറുത്ത ബൈക്കിലെത്തിയ പ്രവീൺ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികയുടെയുടെ മാല വരുകയായിരുന്നു.
വയോധികയുടെ അടുത്ത് ബൈക്ക് നിർത്തി വഴി ചോദിച്ച ശേഷം മൂന്ന് പവൻ തൂക്കം വരുന്നതും 1,50,000 രൂപ വിലമതിയ്ക്കുന്നതുമായ സ്വർണമാല വലിച്ച് പൊട്ടിച്ച് ഇയാൾ കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡിവൈഎസ്പി സുന്ദരൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പരാതിക്കാരി ഉൾപ്പെടെയുള്ള നിരവധി പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും നൂറോളം സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയുമാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം