Asianet News MalayalamAsianet News Malayalam

കാസർകോട് ജനറൽ ആശുപത്രിയിൽ രോ​ഗിയെ ചുമന്ന് താഴെയിറക്കി; ദുരവസ്ഥ ലിഫ്റ്റ് കേടായതുമൂലം

ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.

lift not working at kasargod general hospital patient was carried and brought down nbu
Author
First Published Apr 23, 2023, 2:12 PM IST | Last Updated Apr 23, 2023, 2:15 PM IST

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകറാറിലായതിനെ തുടര്‍ന്ന് ആറാം നിലയില്‍ നിന്ന് രോഗിയെ സ്ട്രെച്ചറില്‍ ചുമന്ന് താഴെ ഇറക്കി. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.

ഓട്ടോ ഡ്രൈവറായ രോഗിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ലിഫ്റ്റ് തകരാറിലായതിനാല്‍ താഴെ എത്തിക്കാന്‍ മാര്‍ഗമില്ലാതായി. ഇതോടെയാണ് ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളെ സമീപിച്ചത്. ബിഎംഎസ് തൊഴിലാളികള്‍ ആറാം നിലയില്‍ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിച്ചു. ഡിസ്ചാര്‍ജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാകുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസം കൂടി രോഗിയുടെ ബന്ധുക്കള്‍ കാത്തു നിന്നിരുന്നു. ഒടുവില്‍ ലിഫ്റ്റ് ശരിയാകില്ലെന്ന് അറിഞ്ഞതോടെയാണ് രോഗിയുടെ ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളുടെ സഹായം തേടിയത്.

ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്‍റെ അനാസ്ഥ മൂലമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചു. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമെടുക്കും ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. അതുവരെ രോഗികളും കൂട്ടിരിപ്പുകാരും പടികള്‍ കയറി ഇറങ്ങണം.

Latest Videos
Follow Us:
Download App:
  • android
  • ios