കഴിഞ്ഞ തവണ യുഡിഎഫ് നേടിയതിലും ഭൂരിപക്ഷം, കനലാട് വാർഡ് തിരിച്ചുപിടിച്ച് എൽഡിഎഫ്
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കനലാട് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയം. യു ഡി എഫിൻ്റെ സിറ്റിങ് വാർഡ് എൽ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു
കോഴിക്കോട്: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കനലാട് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയം. യു ഡി എഫിൻ്റെ സിറ്റിങ് വാർഡ് എൽ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ അജിത മനോജ് 154 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയച്ചത്. അജിത മനോജ് 599 വോട്ടു നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ ഷാലി ജിജോ പുളിക്കൽ 445 വോട്ടാണ് നേടിയത്. ബി.ജെ.പി സ്ഥാനാർഥിയായ ശാരി 42 വോട്ടും സ്വതന്ത്രസ്ഥാനാർഥിയായ അജിത ആറ് വോട്ടും നേടി.
കനലാട് വാർഡ് അംഗവും ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സണായിരുന്ന സിന്ധു ജോയ് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 98 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ്. സ്ഥാനാർത്ഥി സിന്ധു ജോയ് വിജയിച്ചത്. വാർഡ് മികച്ച ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കാനായത് എൽ ഡി എഫിന് നേട്ടമാണ്. ചൊച്ചാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 77.83 ശതമാനമായിരുന്നു വോട്ടിങ്.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. കോഴിക്കോട് ജില്ലയിൽ നടന്ന മറ്റ് രണ്ട് വാർഡുകളിലെ ഉപതെരഞ്ഞെടുപ്പുകളിൽ സിറ്റിങ് സീറ്റുകൾ നിലനിർത്തി എൽ ഡി എഫും യു ഡി എഫും. വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ സി പി എമ്മിലെ പി എം കുമാരൻ 126 വോട്ടിന് വിജയിച്ചു. ചേലിയ ടൗൺ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിലെ അബ്ദുൽ ഷുക്കൂർ 112 വോട്ടുകൾക്ക് വിജയിച്ചു.
Read more: കുന്നംകുളത്ത് ഓട വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങളുടെ 'മൊതല്'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം