40 വർഷത്തിന് ശേഷം പിടിച്ചെടുത്ത ഭരണം യുഡിഎഫിന് നഷ്ടമായി, ഇഎംഎസിന്റെ നാട്ടിൽ പഞ്ചായത്ത് പിടിച്ചെടുത്ത് എൽഡിഎഫ്

പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മുൻകൂട്ടി നിശ്ചയിച്ച യോ​ഗം ചേർന്നു. പുറത്തായ പ്രസിഡന്റ് യോ​ഗത്തിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പങ്കെടുത്തില്ല. വികസന സ്ഥിരം സമിതി അധ്യക്ഷൻ എൻ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോ​ഗം.

LDF win in elemkulam Panchayat president election

പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിൽ നിലവിലെ ഭരണസമിതിയെ പുറത്താക്കി ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പ്രസിഡന്റ് സി. സുകുമാരൻ, വൈസ് പ്രസിഡന്റ് കെ. ഹയറുന്നീസ എന്നിവരാണ് വോട്ടെടുപ്പിൽ പരാജയപ്പെട്ടത്. യുഡിഎഫ് സ്വതന്ത്ര അം​ഗം കൂറുമാറി അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. പഞ്ചായത്തിൽ മൂന്ന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും എൽഡിഎഫിനാണ്.

അതേസമയം, പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മുൻകൂട്ടി നിശ്ചയിച്ച യോ​ഗം ചേർന്നു. പുറത്തായ പ്രസിഡന്റ് യോ​ഗത്തിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പങ്കെടുത്തില്ല. വികസന സ്ഥിരം സമിതി അധ്യക്ഷൻ എൻ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോ​ഗം. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മൂന്ന് ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് സംഭാവന നൽകാൻ യോ​ഗം തീരുമാനിച്ചു. കൂറുമാറിയ അം​ഗമടക്കം 9 പേർ എൽഡിഎഫിന്റെ ഭാ​ഗത്തുനിന്ന് യോ​ഗത്തിൽ പങ്കെടുത്തു. 

16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് എട്ട് (സിപിഐ എം-7, സിപിഐ-1) അം​ഗങ്ങളാണുള്ളത്. യുഡിഎഫിൽ കോൺ​ഗ്രസ്-5, മുസ്ലിം ലീഗ്-2, വെൽഫെയർ പാർട്ടി-1 എന്നതായിരുന്നു കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുല്യവോട്ടുകൾ ലഭിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയാണ് നടത്തിയത്. സിപിഎമ്മില്‍നിന്ന് 40 വര്‍ഷത്തിനു ശേഷം പിടിച്ചെടുത്ത ഭരണമാണ് യുഡിഎഫ് കൈവിട്ടത്‌. 

അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിൽ യുഡിഎഫിൽ വിവാദമുടലെടുത്തു. എൽഡിഎഫിനൊപ്പം ചേർന്ന് അവിശ്വാസത്തെ സ്വതന്ത്ര അം​ഗം പിന്തുണച്ചതിൽ പാർട്ടി തലത്തിൽ അന്വേഷണം വേണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും കത്ത് നൽകി.  

Latest Videos
Follow Us:
Download App:
  • android
  • ios