പുഴയുടെ പരിസരത്ത് ബൈക്കിൽ ചുറ്റിക്കറങ്ങുന്ന 25കാരൻ, ആരും കാണാതെ വിൽപ്പന വ്യാജ വാറ്റ്; പൊക്കി എക്സൈസ്
ബൈക്കിൽ കുപ്പികൾ ഒളിപ്പിച്ച് ആളില്ലാത്ത സ്ഥലങ്ങളിൽ വെച്ചായിരുന്നു യുവാവിന്‍റെ ചാരായ വിൽപ്പന. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
മലപ്പുറം: പെരിന്തൽമണ്ണയിൽ വ്യാജ വാറ്റുമായി യുവാവിനെ എക്സൈസ് പിടികൂടി. ഏലംകുളം സ്വദേശിയായ ഹരിഹരൻ.പിയെ (25) ആണ് 30 ലിറ്റർ വാറ്റ് ചാരായവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഏലംകുളം മാട്ടായ വള്ളോത്തുകടവ് പുഴയുടെ തീരം കേന്ദ്രീകരിച്ച് ചാരായം വാറ്റി വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. ബൈക്കിൽ കുപ്പികൾ ഒളിപ്പിച്ച് ആളില്ലാത്ത സ്ഥലങ്ങളിൽ വെച്ചായിരുന്നു യുവാവിന്‍റെ ചാരായ വിൽപ്പന.
ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.യൂനുസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാമൻകുട്ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ തേജസ്.വി, രാജേഷ്.ടി.കെ, അബ്ദുൽ ജലീൽ.പി, ഷംസുദ്ദീൻ.വി.കെ, ഷഹദ് ശരീഫ് എന്നിവരുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചിറയിൻകീഴ് എക്സൈസ് റേഞ്ച് പരിധിയിൽ രണ്ട് കേസുകളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തിരുന്നു. അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തി വന്ന കായിക്കര സ്വദേശിയായ സുജിത് (32) നെ എക്സൈസ് പിടികൂടി. ഇയാളിൽ നിന്നും 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് പാർട്ടിയെ കണ്ട് വാഹനവും മദ്യവും ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴടക്കിയത്.