കലോത്സവ വേദിയിൽ നെയ്യാറ്റിൻകര എംഎൽഎയുടേത് വിലകുറഞ്ഞ പരാമർശം; പ്രതിഷേധം, സഹിഷ്ണുത കാണിക്കണമെന്നും കെയുഡബ്ല്യുജെ

നടന്ന സംഭവങ്ങൾ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജനപ്രതിനിധികൾ അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും പ്രസ്താവനയിൽ പറഞ്ഞു.

KUWJ response in Neyyatinkara MLA s bad remark at youth festival stage

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കെ ആൻസലൻ എം എൽ എ മാധ്യമങ്ങൾക്കു നേരെ നടത്തിയ വില കുറഞ്ഞ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ (കെ യുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. കലോത്സവ വേദികളിലെ തർക്കങ്ങളും മത്സരങ്ങൾ വൈകുന്നതിന്റെ പേരിൽ മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് ' ഉണ്ടാകുന്ന പ്രയാസങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമാണ്.

എന്നാൽ തന്റെ കൂടി സാന്നിധ്യത്തിൽ യാതൊരു സുരക്ഷയുമില്ലാതെ ഒരു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയ ആയിരം വാക്കുകൾക്കു തുല്യമായ ചിത്രമാണ് എംഎൽഎയുടെ 'കൃമികടി' പ്രസംഗത്തിനു പിന്നിലെന്നു വ്യക്തമാണ്. നടന്ന സംഭവങ്ങൾ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജനപ്രതിനിധികൾ അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, നെയ്യാറ്റിൻകരയിൽ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ പ്രതികരണവുമായി പ്ലസ് ടു വിദ്യാർത്ഥി  രംഗത്തുവന്നിരുന്നു. തന്റെ കൂട്ടുകാരനോടാണ് അധ്യാപകർ ആദ്യം കൊടിമരത്തിൽ കയറാൻ പറഞ്ഞതെന്നും എന്നാൽ കൂട്ടുകാരന് തടി കൂടുതൽ കാരണം താൻ കയറുകയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു. എൻഎസ്എസ് ക്യാമ്പിൻ്റെ ഭാഗമായി ഫയർ ആൻ്റ് സേഫ്റ്റിയിലും ട്രക്കിംഗിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പേടി തോന്നിയില്ലെന്നും വിദ്യാർത്ഥി പറഞ്ഞിരുന്നു. 30 അടി ഉയരമുള്ള കൊടിമരമായിട്ടും അധ്യാപകർ ആരും താൻ കയറുന്നത് തടഞ്ഞില്ലെന്നും വിദ്യാർഥി പറഞ്ഞു. 

കലോത്സവത്തിന്റെ ഭാഗമായുള്ള പതാക ഉയർത്തൽ ചടങ്ങിനിടെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയതാണ് പ്രതിഷേധത്തിന് കാരണം. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയത്. നെയ്യാറ്റിൻകര എംഎൽഎ കെ അൻസലാണ് പതാക ഉയർത്താനായി എത്തിയിരുന്നത്.

കൊടിമരത്തിലെ കയർ കുരുങ്ങിയതിന് പിന്നാലെ പ്ലസ് ടു വിദ്യാർത്ഥിയെ കയർ ശരിയാക്കാനായി കൊടിമരത്തിൽ കയറ്റുകയായിരുന്നു. അപകടാവസ്ഥയിലുള്ള കൊടിമരത്തിലേക്കാണ് ജീവൻ പണയം വച്ച് വിദ്യാർത്ഥി കയറുന്നത്. കലോത്സവം സംഘാടകരും എംഎൽഎയും നോക്കി നിൽക്കെയാണ് വിദ്യാർത്ഥി കൊടിമരത്തിൽ കയറിയതെങ്കിലും ആരും തടഞ്ഞിരുന്നില്ല. ഈ വസ്തുതകളാണ് കൊടിമരത്തിൽ കയറിയ വിദ്യാർത്ഥിയും ശരിവെക്കുന്നത്.

പ്ലസ് 2 വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി, എംഎൽഎ നോക്കിനിന്നു; സംഭവം തിരുവനന്തപുരം ജില്ലാ കലോത്സവത്തിനിടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios