കുമരി അബൂബക്കര്‍ അന്തരിച്ചു; വിടവാങ്ങിയത് ഇസ്ലാമിക ചരിത്രം കര്‍ണാടിക് സംഗീതത്തിലൂടെ അവതരിപ്പിച്ച കലാകാരന്‍
നികത്താനാവാത്ത ഇടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ അവശേഷിക്കുന്നതെന്ന് പ്രശസ്‍ത കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ അനുസ്‍മരിച്ചു.
ചെന്നൈ: ഇസ്ലാമിക ചരിത്രം തനത് രീതിയില്‍ കര്‍ണാടിക് സംഗീതത്തിലൂടെ ആലപിച്ചിരുന്ന കുമരി അബൂബക്കര്‍ (83) നിര്യാതനായി. ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ ജനിച്ച അദ്ദേഹത്തെ തമിഴ്‍നാട്ടില്‍ ജനപ്രിയമായ സീറാ പുരാണമെന്ന ഗാനശാഖയിലെ അവസാന കണ്ണിയായാണ് വിലയിരുത്തപ്പെടുന്നത്. നികത്താനാവാത്ത ഇടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ അവശേഷിക്കുന്നതെന്ന് പ്രശസ്‍ത കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ അനുസ്‍മരിച്ചു.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കൊല്ലങ്കോട് ജനിച്ച അദ്ദേഹം സംഗീതജ്ഞന്‍ ബാലൈ മണി ആശാന്‍, ശ്രീധര ഭട്ടതിരിപ്പാട്, നാഗര്‍കോവില്‍ മുത്തയ്യ എന്നിവരുടെ കീഴിലാണ് 10 വര്‍ഷത്തോളം കര്‍ണാടിക് സംഗീതം അഭ്യസിച്ചത്. സിനിമാ മോഹവുമായി ചെന്നൈയിലെത്തിയെങ്കിലും അവിടെവെച്ച് സീറാ പുരാണം അവതരിപ്പിച്ചിരുന്ന കാമു ശരീഫിനെ പരിചയപ്പെട്ടതോടെയാണ് ഈ രംഗത്തേക്ക് കടന്നത്.
പ്രവാചക ചരിത്രം സംഗീതരൂപത്തില്‍ അവതരിപ്പിച്ചിരുന്ന സീറാ പുരാണത്തില്‍ കാമു ശരീഫിനൊപ്പം ഗായകനായി തുടങ്ങി. 10 ദിവസം നീണ്ടുനില്‍ക്കുന്ന സീറാ പുരാണമായിരുന്നു അക്കാലത്ത് തമിഴ്‍നാട്ടിലെ പതിവ്. പതിനായിരത്തോളം വേദികളിലാണ് അദ്ദേഹം സീറാ പുരാണം അവതരിപ്പിച്ചത്. കര്‍ണാടിക് സംഗീതവും ഇസ്ലാമിക ഗാനശാഖകളും കോര്‍ത്തിണക്കി അവതരിപ്പിച്ചിരുന്ന ഈ രംഗത്ത് ഇനിയൊരാളും ബാക്കിയുള്ളതായി തനിക്ക് അറിയില്ലെന്ന് ടി.എം കൃഷ്ണ പറയുന്നു.