തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കെഎസ്‍യു സ്ഥാനാര്‍ത്ഥിയുടെ മുഖത്തടിച്ചു, യൂണിവേഴ്സിറ്റി കോളേജിൽ സംഘര്‍ഷം
തെരഞ്ഞടുപ്പിൽ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാന്‍ കാമ്പസിൽ എത്തിയ കെഎസ് യു വിദ്യാര്‍ഥിനികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘര്‍ഷം. തെരഞ്ഞടുപ്പിൽ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാന്‍ കാമ്പസിൽ എത്തിയ കെഎസ് യു വിദ്യാര്‍ഥിനികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. കെഎസ്‍യുവിന്‍റെ വിദ്യാര്‍ത്ഥിനി പ്രതിനിധിയായി മത്സരിക്കുന്ന നയന ബിജുവിന്‍റെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരണത്തടിച്ചതായും പരാതി. വിദ്യാര്‍ത്ഥിനികളെ കാമ്പസിൽ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു. ഏകപക്ഷീയമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും അവര്‍ക്ക് കാമ്പസിൽ എന്തും ചെയ്യാമെന്നതാണ് അവസ്ഥയെന്നും തങ്ങളെ പുറത്താക്കിയെന്നും കെഎസ്‍യു പ്രവര്‍ത്തക നയന ബിജു പറഞ്ഞു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.ഈ മാസം 18നാണ് യൂണിൻ തെരഞ്ഞെടുപ്പ് . ഫ്ലക്സും നോട്ടീസും തയ്യാറാക്കുന്നതിന്‍റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാൻ കെഎസ് യുവിന്‍റെ വിദ്യാര്‍ത്ഥിനികള്‍ എത്തി. അവധി ദിവസമായതിനാൽ പ്രിന്‍സിപ്പലിന്‍റെ അനുമതിയോടയൊണ് വന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒപ്പം ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. എന്നാൽ, പുറത്ത് നിന്നുള്ള ആരേയും കയറ്റാന് പറ്റില്ലെന്ന് കാമ്പസിലുണ്ടായിരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേ ചൊല്ലിയുള്ള സംഘര്‍ത്തിനിടെ വിദ്യാര്‍ത്ഥിന പ്രതിനിധിയായി മത്സരിക്കുന്ന നയന ബിജുവിന്‍റെ കരണത്തടിച്ചെന്നും പരാതിയിൽ പറയുന്നു.
വിദ്യാര്‍ത്ഥിനികളെ പുറത്താകി എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാമ്പസിന്‍റ ഗേറ്റ് അടച്ചു. ഇതോടെ പൊലീസും സ്ഥലത്തെത്തി. കെഎസ് യു വിദ്യാര്‍ത്ഥിനികള്‍ പിന്നീട് ജനറൽ ആശുപത്രിയിൽ ചികില്‍സ തേടി. എന്നാൽ ആരോപണങ്ങള് എസ് എഫ് ഐ നിഷേധിച്ചു. ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും പുറത്ത് നിന്നുള്ള ആരേയും കയറ്റാൻ പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും എസ് എഫ് ഐ വിശദീകരിക്കുന്നു.