ഒറ്റക്കെത്തി, കെഎസ്ആർടിസിയിൽ അടുപ്പ് കൂട്ടി രഞ്ജിനിയുടെ സമരം; കാരണം അര ദിവസത്തിന്‍റെ പേരിൽ 'ശമ്പളം തടഞ്ഞു'
മകളുടെ കുഞ്ഞിന് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ആയതിനാലാണ് എത്താൻ കഴിയാത്തതെന്ന് രഞ്ജിനി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല
കൽപ്പറ്റ: കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ വനിത പ്യൂണിന്‍റെ ഒറ്റയാൾ സമരം. ഓഗസ്റ്റ് മാസത്തിലെ ശമ്പളം കിട്ടാത്തതിലാണ് വീട്ടമ്മയായ രഞ്ജിനി ഒറ്റക്കെത്തി പ്രതിഷേധ നടത്തുന്നത്. കൽപ്പറ്റ കെ എസ് ആർ ടി സി ഡിപ്പോയിൽ പ്യൂണായി പ്രവർത്തിച്ചുവരികയായിരുന്നു രഞ്ജിനി. എന്നാൽ രഞ്ജിനിക്ക് ഇതുവരെയും ഓഗസ്റ്റിലെ ശമ്പളം കിട്ടിയിട്ടില്ല. ഓഗസ്റ്റിൽ 15 .5 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ എന്ന കാരണം പറഞ്ഞാണ് ശമ്പളം തടഞ്ഞിരിക്കുന്നത്.
ശമ്പളം ലഭിക്കാൻ ഒരു മാസം 16 ദിവസമാണ് ജോലി ചെയ്യേണ്ടത്. മകളുടെ കുഞ്ഞിന് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ആയതിനാലാണ് ജോലിക്ക് എത്താൻ കഴിയാത്തതെന്ന് രഞ്ജിനി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. കുഞ്ഞിന് വയ്യാതായപ്പോൾ വരാനാകാത്തതിൽ അര ദിവസത്തെ സാങ്കേതികത്വം പറഞ്ഞ് ശമ്പളം തടഞ്ഞുവച്ചിരിക്കുന്നത് ക്രൂരതയാണെന്ന് രഞ്ജിനി പറഞ്ഞു.
അതേസമയം വനിത പ്യൂണിന്‍റെ ശമ്പളം തടഞ്ഞു വെച്ചത് തങ്ങളല്ലെന്ന് കൽപ്പറ്റ കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് തിരുവനന്തപുരത്തെ ശമ്പള വിഭാഗം ആണെന്നാണ് കെ എസ് ആർ ടി സി ഡിപ്പോ അധികൃതർ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം