ബ്രേക്ക് പോയ വണ്ടിയിൽ ശരണം വിളിയോടെ അലറിക്കരഞ്ഞ് യാത്രക്കാർ; മറ്റൊരു വണ്ടിയിൽ വളയം പിടിച്ച് 'രക്ഷകനായ ദൈവം'

തന്റെ സ്ഥിരം ട്രിപ്പുമായി ഇന്ന് വീണ്ടും അതേ റൂട്ടിലെത്തിയ സ്മിതോഷിനെ കാത്ത് ആന്ധ്രാ ബസിന്റെ ഡ്രൈവർ തന്റെ ബസിന് സമീപം നിൽക്കുന്നുണ്ടായിരുന്നു. വണ്ടി നിർത്തിയതോടെ ഓടി അരികിലെത്തി കെട്ടിപ്പിടിച്ചു ഉമ്മ വച്ചു. പൊട്ടി കരഞ്ഞു.  

KSRTC bus and driver rescued a  bus in the accident pathanamthitta

ഒരടി മുന്നിലേക്ക് പോയാൽ താഴ്ചയേറിയ കൊക്ക, പിന്നിൽ തന്റെ ബ്രേക്കിന്റെ ബലത്തിൽ രണ്ട് ബസുകളിലായി നൂറിലേറെ പേരുടെ ജീവനും. തിയേറ്ററിൽ ആർപ്പുവിളികളോടെ വരവേറ്റ നായകന്റെ മാസ് സിനിമയലെ രംഗമല്ല, സ്മിതോഷെന്ന റിയൽ ഹീറോ ജീവിതത്തിൽ നേരിട്ട സാഹസിക നിമിഷമാണിത്. ആലുവ ഡിപ്പോയിലെ ഡ്രൈവർ സ്മിതോഷും കണ്ടക്ടർ രാജീവും അവസരോചിത ഇടപെടൽ കൊണ്ട് ഒഴിവാക്കിയത് വലിയ അപകടമായിരുന്നു.  ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിനോട് ആ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അവർ.

‌ശബരിമലപാതയിൽ സ്ഥിരം അപകട മേഖലയായ കണമല അട്ടിവളവ് ഇറക്കത്തിലായിരുന്നു സംഭവം നടന്നത്. ആന്ധ്രയിൽ നിന്ന് ശബരിമല തീർഥാടകരുമായി വന്ന ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായത്. സ്മിതോഷിന്റെ മുന്നിൽ പോയ ആന്ധ്ര ബസിൽ നിന്നും ക്ളച്ച് കരിയുന്നതിന് സമാനമായ മണം അനുഭവപ്പെട്ടിരുന്നു. എന്നാൽ കയറ്റമുള്ള പ്രദേശത്ത് സാധാരണ ഇങ്ങനെ സംഭവിക്കാറുള്ളത് കൊണ്ട് താൻ ബസിനെ മറി കടന്നു പോയെന്നും സ്മിതോഷ് പറയുന്നു.

എന്നാൽ മുന്നിലേക്ക് കുറച്ച് ദൂരം പോയപ്പോഴേക്കും ആന്ധ്രാ ബസ് പിന്നിൽ വന്നിടിച്ചു. വേഗത കുറച്ച് വന്നതിനാൽ വളരെ പതിയെയായിരുന്നു ഇടി. രണ്ടാമത് വീണ്ടും ഇടിച്ചതോടെ അസ്വഭാവികത തോന്നി. ബ്രേക്ക് കരിഞ്ഞ മണത്തെ കുറിച്ച് ഓർമ വന്നു. ഇതോടെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് വ്യക്തമായി. എന്റെ ബസിന്റെ പിൻ സീറ്റുകളിൽ ആളില്ലാതിരുന്നതും കരുത്ത് പകർന്നു. അടുത്ത ഇടിയിൽ ഹാന്റ് ബ്രേക്ക് പിടിച്ചിട്ടു. അതോടെ എന്റെ ബസിന്റെ പിറകിൽ ഇടിച്ച് വണ്ടി നിന്നു. ആ നിമിഷങ്ങൾ സ്മിതോഷ് ഓർത്തെടുത്തു.

KSRTC bus and driver rescued a  bus in the accident pathanamthitta

സത്യത്തിൽ പിന്നീട് നടന്നതൊക്കെ ജീവിതത്തിലെ അമൂല്യമായ അനുഭവമാണെന്ന് പറയുകയാണ് സ്മിതോഷ്. വണ്ടിയിലുണ്ടായിരുന്നവരൊക്കെ ഇറങ്ങി വന്ന് കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. പലരും അയ്യപ്പനാണ് നിങ്ങളെ എത്തിച്ചതെന്ന് പറഞ്ഞ് കാൽ തൊട്ട് വണങ്ങി. ഒന്നും സംസാരിക്കാൻ കഴിയാത്ത വിധം ഭയന്നു പോയ ആന്ധ്ര ബസിന്റെ ഡ്രൈവർ ശരണം വിളിച്ച് ശബരിമലയിലേക്ക്   പോയി.  സ്മിതോഷ് മാത്രമല്ല ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപാലം നടന്നു കയറിയ ആ നൂറുപേരും ജീവിതത്തിലൊരിക്കലും ആ അനുഭവങ്ങൾ മറക്കാനിടയില്ല.

KSRTC bus and driver rescued a  bus in the accident pathanamthitta

കഥയിലെ ട്വിസ്റ്റുകൾ ഇവിടെയും അവസാനിച്ചില്ല. നവംബർ 18നായിരുന്നു അപകടം നടന്നത്. തന്റെ സ്ഥിരം ട്രിപ്പുമായി ഇന്ന് വീണ്ടും അതേ റൂട്ടിലെത്തിയ സ്മിതോഷിനെ കാത്ത് ആന്ധ്രാ ബസിന്റെ ഡ്രൈവർ തന്റെ ബസിന് സമീപം നിൽക്കുന്നുണ്ടായിരുന്നു. 'വണ്ടി നിർത്തിയതോടെ ഓടി അരികിലെത്തി കെട്ടിപ്പിടിച്ചു ഉമ്മ വച്ചു. പൊട്ടി കരഞ്ഞു.  തെലുങ്ക് അല്ലാതെ മറ്റ് ഭാഷയൊന്നും അറിയാത്ത അദ്ദേഹം പറഞ്ഞതെല്ലാം തെലുങ്കറിയാത്ത ഞങ്ങൾക്ക് മനസ്സിലായി. അവിടെ സംസാരിച്ചത് ഞങ്ങളുടെ മനസുകളായിരുന്നു. ഇനിയൊരിക്കലും കണ്ടില്ലെങ്കിലും എന്നും ഓർക്കാൻ ഒരു സെൽഫി എടുത്താണ് പിരിഞ്ഞത്.'

Read more: കുട്ടികളിട്ട ചൂണ്ടയില്‍ കുടുങ്ങിയത് ബാഗ്, തുറന്നപ്പോള്‍ ആയുധങ്ങള്‍, അന്വേഷണം ആരംഭിച്ച് പാലക്കാട് പൊലീസ്
 
സ്വന്തം വാഹനത്തെയും യാത്രക്കാരെയുമൊക്കെ രക്ഷിക്കാൻ പലരും പല സാഹസികതയും കാണിക്കുന്ന വാർത്തകൾ പുറത്ത് വരാറുണ്ട് എന്നാൽ മറ്റൊുരു വാഹനത്തിലെ ജീവൻ പോലും തന്റെ കയ്യിൽ സുരക്ഷിതമാക്കി മാതൃക കാട്ടിയിരിക്കുകയാണ് സ്മിതോഷ്. ഇതിനോടകം തന്നെ സ്മിതോഷിന്  അഭിനന്ദന പ്രവാഹമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios