മഴക്കാലം ഉത്സവമാക്കാൻ മലബാര്‍ റിവര്‍ ഫെസ്റ്റിവൽ; മുഖ്യ ആകര്‍ഷണം സാഹസിക വൈറ്റ് വാട്ടര്‍ കയാക്കിങ്
ഏഷ്യയിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പ്, ഇരുപതോളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം, ദേശീയ തലത്തിലെ മികച്ച താരങ്ങളുടെ പ്രകടനം- മലബാര്‍ വാട്ടര്‍ ഫെസ്റ്റിവലിന് പ്രത്യേകതകള്‍ ഏറെയാണ്
കോഴിക്കോട്: മഴക്കാല ജലോത്സവമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനൊരുങ്ങി കോഴിക്കോട്. സാഹസിക വിസ്മയത്തിന്‍റെ നേര്‍ക്കാഴ്ചയാണ് മേളയുടെ മുഖ്യ ആകര്‍ഷണമായ വൈറ്റ് വാട്ടര്‍ കയാക്കിങ്.
മലയോര ജനത ആഴപ്പരപ്പുകളിലെ ആവേശക്കാഴ്ചകള്‍ക്കായി കാത്തിരിക്കുകയാണ്. ഈ മാസം ഇരുപത്തഞ്ചിനാണ് പ്രധാന മത്സരമായ വൈറ്റ് വാട്ടര്‍ കയാക്കിംഗ് തുടങ്ങുക. ഏഷ്യയിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പ്, ഇരുപതോളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം, ദേശീയ തലത്തിലെ മികച്ച താരങ്ങളുടെ പ്രകടനം- മലബാര്‍ വാട്ടര്‍ ഫെസ്റ്റിവലിന് പ്രത്യേകതകള്‍ ഏറെയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി കോഴിക്കോടിന്‍റെ മലയോര മേഖലകളെ ആവേശത്തിലാഴ്ത്തുന്ന വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ഇന്ന് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.
ഒളിമ്പ്യന്‍മാര്‍ മുതല്‍ പ്രദേശിക താരങ്ങള്‍ വരെ മത്സരത്തിനെത്തും. ഇന്‍റര്‍ മീഡിയറ്റ്, ഫ്രീസ്റ്റൈല്‍, പ്രോവ് ഇങ്ങനെ മൂന്നിനങ്ങളിലാണ് മത്സരം. ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ, കുറ്റ്യാടി പുഴ എന്നിവിടങ്ങളാണ് സാഹസിക ജലവിനോദത്തിന്‍റെ വേദി. രാജ്യത്തെ മറ്റ് പുഴകളെ അപേക്ഷിച്ച് താരങ്ങള്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാണ് ഈ മൂന്ന് പുഴകളും. ശക്തമായ ഒഴുക്കും പാറക്കൂട്ടങ്ങളും താണ്ടി വേണം വിജയത്തിലെത്താന്‍.
ഒന്നര മാസത്തോളം നീളുന്നതാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്‍റെ ഒരുക്കങ്ങള്‍. കയാക്കിങ് മത്സരങ്ങള്‍ക്ക് മുന്നേ മഡ് റൈസിങ്, മഴ നടത്തം, മഡ് ഫുട്ബോള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. മഴക്കാലം ഉത്സവമാക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിന് ആതിഥ്യമരുളുന്നത് ചക്കിട്ടപ്പാറ, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളാണ്. സംസ്ഥാന അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ് മുഖ്യ സംഘാടകര്‍.
ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ-പാസ് സംവിധാനം നീട്ടി; മൂന്ന് മാസം കൂടി പാസ് നിർബന്ധം