മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമക്ക് കോഴിഫാമിൽ ദാരുണാന്ത്യം; വിൽസൺ മാത്യു കോഴിഫാമിൽ ഷോക്കേറ്റ് മരിച്ചു
മാതൃകാ കർഷകനായിരുന്ന വിൽസൺ മാത്യു മൂന്ന് തവണ സംസ്ഥാന സർക്കാരിന്‍റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട്
കോഴിക്കോട്: കോഴിഫാമിൽ നിന്നും ഷോക്കേറ്റ് ഫാം ഉടമ മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ പെരുമാലിപ്പടിയിൽ കൈതക്കുളം വിൽസൺ മാത്യു (58) ആണ് മരിച്ചത്. മാതൃകാ കർഷകനായിരുന്ന വിൽസൺ മാത്യു മൂന്ന് തവണ സംസ്ഥാന സർക്കാരിന്‍റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട്. മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമയാണ് ഇദ്ദേഹം. തിങ്കളാഴ്ച രാത്രി 7.30 ഓടെ ആണ് അപകടം നടന്നത്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സംസ്കാരം ചൊവ്വാഴ്ച ( 27-6-23) വൈകിട്ട് 5 ന് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ. സെലിൻ പുരയിടത്തിൽ. മക്കൾ: സിസ്റ്റർ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കാട്ടാന ഷോക്കേറ്റ് കിടന്നത് മണിക്കൂറുകൾ, നാട്ടുകാരെത്തി ഫ്യൂസ് ഊരിയതിനാൽ രക്ഷപ്പെട്ടു
അതേസമയം മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിലമ്പൂരിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു എന്നതാണ്. വൈദ്യുതാഘാതമേറ്റ കാട്ടാന മണിക്കൂറുകളോളം അവിടെ കിടന്നു. സംഭവം അറിഞ്ഞ് നാട്ടുകാരെത്തിയാണ് ആനയെ രക്ഷിച്ചത്. കൃഷിയിടത്തിലേക്കുള്ള വൈദ്യുതിയുടെ ഫ്യൂസ് ഊരിമാറ്റിയാണ് നാട്ടുകാർ കാട്ടാനയെ രക്ഷിച്ചത്. പിന്നീട് കാട്ടിലേക്ക് തിരിച്ച് പോയി. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്തിലൂടെ സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് കാട്ടാനക്ക് വൈദ്യുതി ആഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയത്. രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡിൽ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാർ പിന്നോട്ട് എടുത്ത് കാർ യാത്രക്കാർ രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കുറുന്തോട്ടിമണ്ണയിലെ വനമേഖലയിലേക്ക് കടന്നു പോയി. നാട്ടുകാർ വിവരമറിയച്ചതോടെ ആർ ആർ ടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം വനത്തിലേക്ക് കയറ്റി വിട്ടു. കുറുന്തോട്ടിമണ്ണ, വെള്ളിയംപാടം, കരിമ്പുഴ, പത്തിപ്പാറ മേഖലയിലാണ് കാട്ടാന ഭീതി പരത്തിയത്.