പഴയ സ്വര്‍ണം തരൂ, അപൂര്‍വ ആഭരണം തരാം; ഇൻസ്റ്റ മെസേജ് വിശ്വസിച്ച യുവതിക്ക് തിരികെ കിട്ടിയത് ഹൽവയും 100 രൂപയും!

ഷംനാദ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ യുവതികളുമായി പരിചയപ്പെട്ടത്. പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് താനക്കോട്ടുകാരിയായ യുവതിയില്‍ നിന്ന് സ്വര്‍ണം വാങ്ങി മുങ്ങിയത്.

kozhikode native youth arrested for gold theft and cheating two women through instagram

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വടകര വില്ല്യാപ്പള്ളി മയ്യന്നൂര്‍ സ്വദേശി പാലൊള്ള പറമ്പത്ത് പിപി മുഹമ്മദ് നജീറി(29)നെയാണ് നാദാപുരം ഡിവൈ എസ്പി പിപി പ്രമോദും സംഘവും പിടികൂടിയത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരില്‍ നിന്ന് അഞ്ച് പവന്റെ സ്വര്‍ണമാണ് നജീര്‍ കൈക്കലാക്കിയത്. അതേസമയം കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയില്‍ നിന്നും 15 പവന്‍ സ്വര്‍ണം സമാന രീതിയില്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ കുറ്റ്യാടി സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പരാതിക്കാരികള്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഷംനാദ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ യുവതികളുമായി പരിചയപ്പെട്ടത്. പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് താനക്കോട്ടുകാരിയായ യുവതിയില്‍ നിന്ന് സ്വര്‍ണം വാങ്ങി മുങ്ങിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വളയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷംനാദ് എന്ന പേര് വ്യാജമാണെന്ന് മനസ്സിലാവുകയായിരുന്നു. ചെറിയകുമ്പളം സ്വദേശിനിയെ ജ്വല്ലറി ഉടമയെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. 

തന്റെ പക്കല്‍ വിലകൂടിയതും അപൂര്‍വവുമായ ആഭരണ ശേഖരം ഉണ്ടെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ച ഇയാള്‍ പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വീടിന്റെ പരിസരത്ത് എത്താന്‍ യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച എത്തി ആഭരണം വാങ്ങുകയും പകരം പണം എന്ന് പറഞ്ഞ് ഒരു ബാഗ് കൈമാറുകയും ചെയ്തു.

യുവതി വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ബാഗിനുള്ളിൽ നിന്നും ലഭിച്ചത് ഹല്‍വയും മിഠായികളും 100 രൂപയുമായിരുന്നു.  വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് യുവതികൾ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പൊക്കിയത്. നജീറിനെതിരേ വടകര പൊലീസ് സ്‌റ്റേഷനിലും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Read More :  ഫസീലയെ ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ, കൊന്നത് വായ് പൊത്തി, കഴുത്തിൽ അമർത്തി'; തിങ്കളാഴ്ച തെളിവെടുപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios