സന്തോഷം സന്തോഷം! അബിഗേൽ സാറ തിരിച്ചെത്തിയതിൽ വടക്കൻ ആഘോഷം! സ്കൂളിൽ ആര്‍പ്പുവിളിച്ച് കുട്ടികൾ

കുട്ടിയെ കിട്ടിയെന്ന വാര്‍ത്ത എത്തിയപ്പോൾ ഓടിയെത്തി വിവരം പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. അതാണ് ആ വിഡിയോയിൽ കണ്ടതെന്ന് ദിനേഷൻ മാഷ് പറയുന്നു.

Kozhikode LP school children jump for joy after finding Abigail Sara ppp

കോഴിക്കോട്: രണ്ടാം ക്ലാസിലാണ് ഞാൻ പഠിപ്പിക്കുന്നത്. രാവിലെ ക്ലാസിലെത്തിയത് മുതൽ കുട്ടികൾക്ക് ഒരേ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ കുട്ടിയെ കിട്ടിയോ സാറേ എന്ന്. ഇടയ്ക്കിടെ ഫോണിൽ നോക്കി ഞാൻ ഇല്ലെന്ന് മറുപടി നൽകി. ഒടുവിൽ കുട്ടിയെ കിട്ടിയെന്ന വാര്‍ത്ത എത്തിയപ്പോൾ ഓടിയെത്തി വിവരം പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. അതാണ് ആ വിഡിയോയിൽ കണ്ടതെന്ന് ദിനേഷൻ മാഷ് പറയുന്നു.

പറഞ്ഞുവരുന്നത് അബിഗേൽ സാറയെ കണ്ടെത്തിയ സന്തോഷത്തിൽ തുള്ളിച്ചാടുന്ന കുട്ടികളുടെ ഒരു വീഡിയോയെ കുറിച്ചാണ്. ദിനേഷൻ മാഷ് പങ്കുവച്ച  വീഡിയോ നാട് മുഴുവൻ എങ്ങനെയാണ് ഈ തട്ടിക്കൊണ്ടുപോകലിന് ശേഷം ഒരേ മനസോടെ അബിഗേലിനായി കാത്തിരുന്നത് എന്ന് പറയുന്നതാണ്. കൊല്ലത്തെ ഓയൂരിലുള്ള അബിഗേലിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ തുള്ളിച്ചാടിയത് അങ്ങ് കോഴിക്കോട്ടെ ഗ്രാമ പ്രദേശമായ നെട്ടൂരിലെ എൽപി സ്കൂൾ കുട്ടികളാണ്. 

കഴിഞ്ഞ 22 മണിക്കൂറിൽ അബിഗേൽ സാറയെന്ന പേര് കേൾക്കാത്തവര്‍ തന്നെ വിരളമായിരിക്കും. ക്ലാസെടുക്കാൻ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു. ഇന്നലെ വാര്‍ത്ത കേട്ടതുമുതൽ എന്താണെന്നറിയാത്ത ആധി മനസിൽ കയറിക്കൂടി. നമ്മളെല്ലാം ചെറിയ മനുഷ്യരാണല്ലോ. രണ്ടാം ക്ലാസിലെ കുരുന്നു കുട്ടികൾക്ക് ക്ലാസെടുക്കുന്ന എനിക്ക് അവരെ കാണുമ്പോഴെല്ലാം കുഞ്ഞു മോളുടെ മുഖം ഓര്‍മവന്നു. ശുഭവാര്‍ത്തയ്ക്കായി ഇടയ്ക്കിടെ ഞാൻ ഫോൺ നോക്കിക്കൊണ്ടിരുന്നു. 

രാവിലെ മുതൽ ക്ലാസിലുള്ളവരും മറ്റ് ക്ലാസിലെ കുട്ടികളുമെല്ലാം കുട്ടിയെ കിട്ടിയോ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. എല്ലാവരും പുറത്തുള്ളപ്പോഴാണ് ആ വാര്‍ത്ത വന്നത് വൈകാതെ കുട്ടികളെ ഗ്രൗണ്ടിലെത്തി വിവരം പറഞ്ഞു. അപ്പോൾ തന്നെ അവര് തുള്ളിച്ചാടി. പിന്നീട് അവരുടെ സന്തോഷം വീഡിയോയിൽ പകര്‍ത്തുകയായിരുന്നു. എന്തായാലും വലിയ സന്തോഷമുണ്ട്. കുഞ്ഞ് നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നും ദിനേഷൻ മാഷ് പറഞ്ഞു. 

തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയെ കണ്ടെത്തിയത് നാട്ടുകാര്‍, തിരിച്ചറിഞ്ഞത് മാധ്യമങ്ങളിൽ കണ്ട ചിത്രങ്ങൾ വഴി

ഇന്നലെ വൈകുന്നേരം നാലരയോടെ തുടങ്ങിയ ആശങ്കൾക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അറുതിയായിത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് വച്ച് നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ പെൺകുട്ടിയെ തിരിച്ചത്തിയതിന്റെ സന്തോഷത്തിലായിരുന്നു പിന്നെ നാടാകെ.ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാൻ സഹോദരൻ ആവും പോലെ ശ്രമിച്ചെങ്കിലും പറ്റിയിരുന്നില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios