കെ സുരേന്ദ്രന്റെ ജില്ലയായ കോഴിക്കോടും ബിജെപിയ്ക്ക് വന്‍ വോട്ട് ചോര്‍ച്ച

കൊയിലാണ്ടിയില്‍ 4532 വോട്ടും നാദാപുരത്ത് 4203 വോട്ടും വടകരയില്‍ 3712 വോട്ടും കുറ്റ്യാടിയില്‍ 3188 വോട്ടും ബാലുശ്ശേരിയില്‍ 2834 വോട്ടും കൊടുവള്ളിയില്‍ 2039 വോട്ടും ബേപ്പൂരില്‍ 1092 വോട്ടും തിരുവമ്പാടിയില്‍ 1048 വോട്ടും 2016ലേക്കാള്‍ കുറഞ്ഞു. 

Kozhikode K Surendran s district, also saw a huge vote leak for the BJP

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷനും നിയമസഭ തെഞ്ഞെടുപ്പില്‍ എന്‍ഡിഎ നയിച്ച് രണ്ടിടങ്ങളില്‍ മത്സരിക്കുകയും ചെയ്ത കെ സുരേന്ദ്രന്റെ തട്ടകത്തിലും ബിജെപിയ്ക്ക് വോട്ട് ചോര്‍ച്ച. കോഴിക്കോട് ജില്ലയിലെ 13 ല്‍ 9 നിയോജകമണ്ഡലങ്ങളിലും വോട്ട് ചോര്‍ച്ചയുണ്ടായിരിക്കുന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ 13 നിയോജകമണ്ഡലങ്ങളിലായി 2,49,751 വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കിട്ടിയിരുന്നു. 

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അത് 2,33,797 വോട്ടുകളായി കുറഞ്ഞിരിക്കുന്നത്. ഒന്‍പത് നിയോജകമണ്ഡലങ്ങളില്‍ 1731 വോട്ടുകള്‍ മുതല്‍ 5030 വോട്ടുകള്‍ വരെയാണ്  കുറവ് രേഖപ്പെടുത്തുന്നത്. ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ മത്സരിച്ച കുന്ദമംഗലത്താണ് ഏറ്റവും വലിയ വോട്ട് ചോര്‍ച്ചയുണ്ടായിരിക്കുന്നത്. 2016ല്‍ കുന്ദമംഗലത്ത് ബി.ജെ.പി 32,702 വോട്ടുകള്‍ കുന്ദമംഗലത്ത് നേടിയത് ഇത്തവണ 27,672 ആയി കുറഞ്ഞു. 

കൊയിലാണ്ടിയില്‍ 4532 വോട്ടും നാദാപുരത്ത് 4203 വോട്ടും വടകരയില്‍ 3712 വോട്ടും കുറ്റ്യാടിയില്‍ 3188 വോട്ടും ബാലുശ്ശേരിയില്‍ 2834 വോട്ടും കൊടുവള്ളിയില്‍ 2039 വോട്ടും ബേപ്പൂരില്‍ 1092 വോട്ടും തിരുവമ്പാടിയില്‍ 1048 വോട്ടും 2016ലേക്കാള്‍ കുറഞ്ഞു. കോഴിക്കോട് സൗത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി നവ്യഹരിദാസ് 5721 വോട്ടും എലത്തൂരില്‍ ടി.പി. ജയചന്ദ്രന്‍ 2940 വോട്ടും പേരാമ്പ്രയില്‍ കെ.വി. സുധീര്‍ 2604 വോട്ടും കോഴിക്കോട് നോര്‍ത്തില്‍ എം.ടി. രമേശ് 1092 വോട്ടും 2016ലേക്കാള്‍ അധികം നേടിയിട്ടുണ്ട്. 

ജില്ലയിലെ ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്ത് എത്താനും ബി.ജെപിയ്ക്ക് ആയിട്ടില്ല. എലത്തൂരില്‍ ടി.പി. ജയചന്ദ്രന്‍ നേടിയ 32,010 വോട്ടുകളാണ് ബി.ജെ.പിയ്ക്ക് ജില്ലയില്‍ ലഭിച്ച ഏറ്റവും കൂടിയ വോട്ടുകള്‍. 2016ല്‍ ഇവിടെ 29,070 വോട്ടുകളായിരുന്നു ബി.ജെ.പി നേടിയത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നില മെച്ചപ്പെടുത്തിയ നാല് നിയോജകമണ്ഡലങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ചയുണ്ടായെന്ന് പറയുന്ന ബി.ജെപിയ്ക്ക് കോഴിക്കോട്ടെ വോട്ട് ചോര്‍ച്ച വന്‍ തിരിച്ചടിയാണ് നല്‍കുന്നത്. വരും ദിവസങ്ങളിലും ഇത് വന്‍ ചര്‍ച്ചയായേക്കും. വോട്ട് കച്ചവടം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios