വാലിട്ട് കണ്ണെഴുതി പൊട്ടു തൊട്ട് അഞ്ച് തിരിയിട്ട ചമയ വിളക്കുമായി പുരുഷാംഗനമാർ; ലക്ഷ്യം ആഗ്രഹ സാഫല്യം
സ്വയം അണിഞ്ഞൊരുങ്ങുന്നവർ മുതൽ ബ്യൂട്ടിപാർലറിനെ ആശ്രയിക്കുന്നവർ വരെയുണ്ട്. നാല് മണിക്കൂറെടുത്താണ് ഒരുങ്ങിയതെന്ന് ചിലർ ...
കൊല്ലം: പുരുഷൻമാർ സ്ത്രീവേഷം കെട്ടുന്ന ആചാരപ്പെരുമയുമായി കൊല്ലം ചവറ കൊറ്റംകുളങ്ങര ചമയവിളക്കിന് തുടക്കമായി. വ്രതശുദ്ധിയുടെ നിറവിൽ ആഗ്രഹ സഫലീകരണത്തിൻ്റെ നേർച്ചയായിട്ടാണ് പുരുഷ സുന്ദരികൾ ദേവീ ക്ഷേത്രത്തിലെത്തിയത്
കേരളീയ തനിമയിൽ അണിഞ്ഞൊരുങ്ങി വിളക്കെടുത്ത് അനേകം പുരുഷാംഗനമാർ. വേഷത്തിൽ വർഷം തോറും പുതുമ കൊണ്ടു വരുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഒരാള്‍ എത്തിയത് അമ്മ വേഷത്തിൽ. സ്വയം അണിഞ്ഞൊരുങ്ങുന്നവർ മുതൽ ബ്യൂട്ടിപാർലറിനെ ആശ്രയിക്കുന്നവർ വരെയുണ്ട്. നാല് മണിക്കൂറെടുത്താണ് ഒരുങ്ങിയതെന്ന് ചിലർ പറഞ്ഞു.
ഭർത്താവിനെ അണിയിച്ചൊരുക്കി എത്തിക്കുന്ന ഭാര്യമാരും മക്കളെ സുന്ദരികളാക്കി എത്തിക്കുന്ന അമ്മമാരും ഇക്കൂട്ടത്തിലുണ്ട്. ആഗ്രഹ സാഫല്യമാണ് ലക്ഷ്യം. അഞ്ചു തിരിയിട്ട വിളക്കിന് മുന്നിൽ വാലിട്ട് കണ്ണെഴുതി പൊട്ടു തൊട്ട് സുന്ദരിമാരായവരിൽ പ്രായവ്യത്യാസമില്ല. ചമയവിളക്കുത്സവം ഇന്നും തുടരും.