കൊല്ലംകാരൻ ത്രിജിത്ത്, ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചത് 5 ഓട്ടുരുളികളും നിലവിളക്കും പണവും, പിടി വീണത് ഇങ്ങനെ
ശൂരനാടുള്ള ആക്രികടയിൽ ഓട്ടുപാത്രങ്ങൾ പ്രതി വിറ്റെന്ന് പൊലീസ് കണ്ടെത്തി. കട ഉടമയിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ത്രിജിത്തിലേക്ക് എത്തിച്ചത്.
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ പ്രതി പിടിയിൽ. പാലമേൽ സ്വദേശി ത്രിജിത്ത് ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രികടയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ജൂലൈ 30 ന് പുലർച്ചെയാണ് തൊടിയൂർ അമ്പിരേത്ത് ദുർഗാദേവി ക്ഷേത്രത്തിൽ കവർച്ച നടന്നത്.
ക്ഷേത്ര തിടപ്പള്ളിയിൽ പൂട്ടി സൂക്ഷിച്ചിരുന്ന അഞ്ച് ഓട്ടുരുളികളും ആറ് നിലവിളക്കുകളും 12,000 രൂപയും മോഷ്ടിച്ചു. ക്ഷേത്ര ഭാരവാഹികൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മോഷ്ടിച്ച സാധനങ്ങൾ പ്രതി വിൽക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിന്‍റെറെ അടിസ്ഥാനത്തിൽ ആക്രി കടകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
ഇതിനിടെ ശൂരനാടുള്ള ആക്രികടയിൽ ഓട്ടുപാത്രങ്ങൾ പ്രതി വിറ്റെന്ന് പൊലീസ് കണ്ടെത്തി. കട ഉടമയിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ത്രിജിത്തിലേക്ക് എത്തിച്ചത്. ഒടുവിൽ രഹസ്യ നീക്കത്തിലൂടെയാണ് ത്രിജിത്തിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ത്രിജിത്ത് കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വീഡിയോ സ്റ്റോറി കാണാം