16 ബസുകളിലായി കൊച്ചിയിൽ അവരെത്തി, 600 പേർ ഒന്നിച്ചു; വാർത്തയിൽ മാത്രം കണ്ടതും കേട്ടതുമായ 'കൊച്ചി' നേരിൽ കണ്ടു!
വാർത്താ ചാനലുകളിലൂടെയും സോഷ്യൽ മീഡിയയയിലൂടെയും മാത്രം കണ്ടും കേട്ടുമറിഞ്ഞ മെട്രോ റെയിൽ യാത്രയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്
കൊച്ചി: 60 വയസിനു മുകളിലുള്ള 600 പേരടങ്ങുന്ന വയോജനങ്ങളുടെ സംഘം ഇന്ന് കൊച്ചി മെട്രോ റെയിലിലും, വാട്ടർ മെട്രോയിലും യാത്ര നടത്തി. കോട്ടയം വാഴൂർ ഗ്രാമ പഞ്ചായത്തിൽ നിന്നാണ് കൊച്ചി മെട്രോയിലേക്ക് സംഘം എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് വി പി റെജിയുടെ നേതൃത്വത്തിൽ മെമ്പർമാരടക്കം 55 വോളണ്ടിയർമാരുൾപ്പെടെ 655 പേരടങ്ങുന്നതായിരുന്നു സംഘം. കെ എം ആർ എല്ലിന്റെ സഹകകരണത്തോടെയായിരുന്നു യാത്ര.
16 ബസുകളിലായി രാവിലെ 10 മണിയോടെ സംഘം തൃപ്പൂണിത്തുറയിൽ നിന്ന് രണ്ടായി തിരിഞ്ഞാണ് യാത്ര നടത്തിയത്. ബസുകൾക്ക് മറൈൻ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ട് , ഇടപ്പള്ളി മെട്രോ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പാർക്കിംഗ് സംവിധാനം ഒരുക്കിയത്. ഒരു സംഘം നേരിട്ട് ഹൈക്കോടതി ജംഗ്ഷനിലെ വാട്ടർ മെട്രോ ടെർമിനലിലെത്തി വാട്ടർ മെട്രോ യാത്ര നടത്തി. രണ്ടാമത്തെ സംഘം എസ്.എൻ ജംഗ്ഷൻ മെട്രോ സ്‌റ്റേഷനിൽ നിന്ന് ഇടപ്പള്ളി സ്റ്റേഷനിലേക്ക് മെട്രോ റെയിൽ യാത്ര നടത്തി.
ആദ്യം വാട്ടർമെട്രോയിൽ യാത്ര ചെയ്ത സംഘം അതിനു ശേഷം റോഡ് മാർഗം മുട്ടം സ്‌റ്റേഷനിലെത്തി അവിടെ നിന്ന് തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിലേക്ക് മെട്രോ റെയിൽ യാത്ര നടത്തി. മെട്രോ റെയിലിൽ സഞ്ചരിച്ച് ഇടപ്പള്ളിയിലിറങ്ങിയ ആദ്യ സംഘം റോഡ് മാർഗം ഹൈക്കോടതി ജംഗ്ഷനിലെ ടെർമിനലിലെത്തി വാട്ടർ മെട്രോ യാത്ര നടത്തി. വാട്ടർ മെട്രോ ടെർമിനലിലും ബോട്ടുകളിലും മെട്രോ റെയിൽ സ്റ്റേഷനുകളിലും മെട്രോ റെയിൽ - വാട്ടർ മെട്രോ ജീവനക്കാരുടെയും മറ്റ് കെ.എം.ആർ.എൽ അധികൃതരുടെയും മേൽന്നോട്ടത്തിലായിരുന്നു യാത്ര.
വാർത്താ ചാനലുകളിലൂടെയും സോഷ്യൽ മീഡിയയയിലൂടെയും മാത്രം കണ്ടും കേട്ടുമറിഞ്ഞ മെട്രോ റെയിൽ യാത്രയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ഉയരങ്ങളിലൂടെയുള്ള ട്രെയിൻ യാത്ര എല്ലാവർക്കും പുതിയ അനുഭവം ആയിരുന്നു. പൊതുഗതാഗത രംഗത്തു വന്ന മാറ്റങ്ങൾ നേരിൽ അറിഞ്ഞു തികഞ്ഞ സന്തോഷത്തോടെയാണ് ഇവർ വാഴൂരിലേക്ക് മടങ്ങിയത്.
600 വയോജനങ്ങൾ എത്തുന്നതിനാൽ പഞ്ചായത്ത് അധികൃതരും മെട്രോ അധികൃതരും തമ്മിൽ കഴിഞ്ഞ ദിവസം നേരിട്ടുള്ള ചർച്ചകൾ നടത്തിയാണ് സൗകര്യങ്ങൾ ഒരുക്കിയത്. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം തന്നെ ഇരു വിഭാഗവും ചേർന്ന് യാത്രകൾ പൂർത്തിയാക്കി. മെട്രോയുടെ ഭാഗത്തു നിന്നുള്ള സഹകരണം വളരെ വലുതായിരുന്നു എന്നും ഇത്രയധികം പേർക്ക് അതി നൂതന ഗതാഗത സംവിധാനങ്ങൾ പരിചയപ്പെടിത്താനായതിൽ സന്തോഷമുണ്ടെന്നും വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി റെജി പറഞ്ഞു. ഒരുമിച്ചെത്തിയ ഇത്രയധികം ആളുകൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ സൗകര്യങ്ങൾ ഒരുക്കനായതിലും ഇത്ര വലിയ പിന്തുണ ലഭിക്കുന്ന തരത്തിലേക്ക് മെട്രോ മുന്നേറിയതിലും അഭിമാനമുണ്ടെന്ന് കെ എം ആർ എൽ അധികൃതരും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം