'പണ്ടേ ഫീൽഡ് വിട്ടതാ ഭായ്', മകളുടെ വിവാഹത്തിന് ആടിപ്പാടി ന്യൂ ലുക്കിൽ കൊച്ചി നഗരത്തെ വിറപ്പിച്ച തമ്മനം ഷാജി
ദിവസങ്ങൾക്ക് മുൻപാണ് അടിപൊളി വേഷവിധാനങ്ങളോട് പാടുകയും ആടുകയും ചെയ്യുന്ന തമ്മനം ഷാജിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്
പാലാരിവട്ടം: ഒരുകാലത്ത് കൊച്ചിയെ കിടുകിടാ വിറപ്പിച്ച ഗുണ്ടയായിരുന്ന തമ്മനം ഷാജിയുടെ പുതിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. പാട്ടുപാടുന്ന നൃത്തം ചെയ്യുന്ന തമ്മനം ഷാജിയെ കണ്ടപ്പോൾ പഴയ കൊച്ചിക്കാർക്ക് ഒക്കെ ആകെ സംശയമാണ്. തന്റെ മകളുടെ വിവാഹ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ആടുകയും പാടുകയും ചെയ്തതെന്നാണ് തമ്മനം ഷാജി പറയുന്നത്
പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് കൊച്ചിക്കാരോട് ഒന്ന് ചോദിക്കണം തമ്മനം ഷാജി ആരായിരുന്നു എന്ന്. നഗരത്തെ വിറപ്പിക്കുന്ന ഗുണ്ട. ചുറ്റും എപ്പോഴും കാവൽ. ആരെയും പേടിയില്ല. നഗരത്തിലെ ക്വട്ടേഷൻ ഏർപ്പാടുകളിൽ പതിവായി കേൾക്കുന്ന പേരായിരുന്നു തമ്മനം ഷാജിയുടേത്. തമ്മനം ഷാജിയുടെ ആളാണെന്ന് പറഞ്ഞ് നടന്നവരും നാട്ടിൽ ഒരുപാടുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ കാലമായി തമ്മനം ഷാജി അണ്ടർ ഗ്രൗണ്ടിൽ ആയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അടിപൊളി വേഷവിധാനങ്ങളോട് പാടുകയും ആടുകയും ചെയ്യുന്ന തമ്മനം ഷാജിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇതു പഴയ തമ്മനം ഷാജി അല്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. സംഗതി ശരിയാണ്. വീഡിയോയിൽ ഉള്ളത് തമ്മനം ഷാജി തന്നെയാണ്. രൂപമൊക്കെ മാറി. മകളുടെ കല്യാണം ആയിരുന്നു കഴിഞ്ഞ ആഴ്ച. അതിന്റെ ഭാഗമായിട്ടാണ് ആട്ടുംപാട്ടും ആഘോഷവും ഒക്കെ സംഘടിപ്പിച്ചത്. പണ്ടൊപ്പമുണ്ടായിരുന്നവരെ ഒക്കെ വിളിച്ചു. പിന്നെ പിന്നെ ഇപ്പോഴും ഫീൽഡിൽ ഉള്ള ചിലരെയും പരിപാടിക്കായി ക്ഷണിച്ചിരുന്നു.
കൊച്ചി തമ്മനത്തെ വീട്ടിന് സമീപത്ത് ആട്ടവും പാട്ടും ഒക്കെ ഒരുക്കിയായിരുന്നു വിവാഹം. ചോദിക്കുന്നവരോടൊക്കെ ഒന്നേ ഷാജിക്ക് പറയാനുള്ളൂ. മകളുടെ കല്യാണം ആഘോഷമായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നു. ഗുണ്ട എന്ന് തന്നെ ഇനി ആരും വിളിക്കേണ്ട. പണ്ടേ തന്നെ ഈ ഫീൽഡ് വിട്ടതാണ് ഭായ് എന്നാണ് ഷാജി പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം